ബഫര്‍ സോണില്‍ ഇളവ്?; ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2023 03:35 PM  |  

Last Updated: 16th January 2023 03:35 PM  |   A+A-   |  

Supreme Court

സുപ്രീംകോടതി /ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ച വിധിയില്‍ വ്യക്തത തേടി കേന്ദ്ര സര്‍ക്കാരും ഇളവു തേടി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ഇന്നു ഹര്‍ജികള്‍ പരിഗണിച്ച ,ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതാവും ഉചിതമെന്ന് വ്യക്തമാക്കി.

വിധിയില്‍ ഭേദഗതി വേണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. വ്യക്തത വേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാരും നിലപാടെടുത്തു. ബഫര്‍ സോണ്‍ മേഖലകള്‍ ജനങ്ങള്‍ക്കു പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന്, അമിക്കസ് ക്യൂറി കെ പരമേശ്വര കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് മൂന്നംഗ ബെഞ്ചിനു വിടാമെന്നു കോടതി പറഞ്ഞത്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നു കോടതി പറഞ്ഞു. ഭേദഗതി വരുത്തിയാല്‍ പിന്നെ പുനപ്പരിശോധനയുടെ ആവശ്യമില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. 

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി കഴിഞ്ഞവര്‍ഷം ജൂണിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ഈ വിധിയില്‍ വ്യക്തത വേണമെന്നും പരിഷ്‌കരിച്ച്, ഭേദഗതി ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ബഫര്‍ സോണ്‍ ദൂപരിധിയില്‍ ഇളവ് തേടി കേരളം അടക്കം നിരവധി സംസ്ഥാനങ്ങളും കോടതിയില്‍ അപേക്ഷ നല്‍കി. ഈ ഹര്‍ജികളെല്ലാം ഒരുമിച്ച് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ദൂരപരിധിയില്‍ ഇളവ് നല്‍കുന്നതും പരിഗണിക്കാമെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി സൂചിപ്പിച്ചിരുന്നു.

23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സ്ഥലലഭ്യത കുറവായതിനാല്‍ പരിസ്ഥിതിലോലമേഖല (ബഫര്‍ സോണ്‍) എന്ന പേരില്‍ കേരളത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി ജനങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കി.വയനാട്, ഇടുക്കി കുമളി, മൂന്നാര്‍, നെയ്യാര്‍, പാലക്കാട്, റാന്നി തുടങ്ങിയ മേഖലകളിലെ ജനങ്ങള്‍ക്കിടയിലാണ് അരക്ഷിതാവസ്ഥ ഉണ്ടാക്കിയതെന്ന് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഡല്‍ഹിയില്‍ റെക്കോര്‍ഡ് തണുപ്പ്; താപനില 1.4 ഡിഗ്രി സെല്‍ഷ്യസ്; ശൈത്യതരംഗം തുടരും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ