കാട്ടാനക്കൂട്ടത്തെ കണ്ട് ഓടി, രണ്ടു രാത്രി കഴിഞ്ഞത് മരത്തിനു മുകളിൽ; 40 മണിക്കൂർ ഉൾക്കാട്ടിൽ അകപ്പെട്ട് യുവാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2023 06:46 AM  |  

Last Updated: 16th January 2023 06:47 AM  |   A+A-   |  

forest

പ്രതീകാത്മക ചിത്രം

 

ഇടുക്കി; മണിയാറൻകുടി ആനക്കൊമ്പൻ വ്യൂ പോയിന്റ് കാണാനെത്തിയ യുവാവ് ഉൾക്കാട്ടിൽ അകപ്പെട്ടു. ഉപ്പുതോട് ന്യൂ മൗണ്ട് കാരഞ്ചിയിൽ ജോമോൻ ജോസഫ് (34) ആണ് കാട്ടാനകൾ വിഹരിക്കുന്ന ഉൾക്കാട്ടിൽ യുവാവ് ഒറ്റപ്പെട്ടത്. രണ്ടു രാത്രിയും ഒരു പകലും കാട്ടിൽ കുടുങ്ങിയ ജോമോൻ അവസാനം ജനവാസമേഖലയിൽ എത്തുകയായിരുന്നു. 

വെള്ളിയാഴ്ച ഉച്ചയോടെയാണ് ജോമോനും സുഹൃത്ത് വെള്ളക്കല്ലുങ്കൽ അനീഷ് ദാസിനൊപ്പം വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടി ആനക്കൊമ്പൻ വ്യൂ പോയിന്റ് കാണാനെത്തിയത്. ഇവിടെനിന്ന് ഇരുവരും രണ്ടുവഴിക്കു പിരിഞ്ഞു. പിന്നീടു ജോമോനെ കാണാതാവുകയായിരുന്നു. തിരികെയെത്തിയ അനീഷ് അറിയിച്ചതനുസരിച്ച് നാട്ടുകാരും ബന്ധുക്കളും പൊലീസും വെള്ളിയാഴ്ച വൈകിട്ടു മുതൽ മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വ്യൂ പോയിന്റിൽ നിന്നു താഴേക്കിറങ്ങുന്നതിനിടെ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ടതോടെയാണ് ജോമോൻ കാട്ടിൽ അകപ്പെടുന്നത്. ഒരു കൊമ്പനും നാലു പിടിയാനകളും ജോമോനെ കണ്ടതോടെ പിന്നാലെയെത്തി. ഇതിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ ജോമോൻ എത്തിയത് ഒരു അരുവിയിലാണ്. ഇവിടെ വച്ചു മൊബൈലിന്റെ ചാർജ് പോയി. ഇരുട്ടായതോടെ ഒരു മരത്തിൽ കയറി ഇരുന്നു. 

നേരം വെളുത്തപ്പോൾ പുഴയോരത്തു കൂടി താഴേക്കു നടക്കുകയായിരുന്നു. പുഴയിൽനിന്നു വെള്ളം കോരിക്കുടിച്ചാണ് ജീവൻ നിലനിൽത്തിയത്. ശനിയാഴ്ച രാത്രിയിലും പുഴയോരത്തെ ഒരു മരത്തിൽ കയറിയിരുന്നു. ഇന്നലെ രാവിലെ നടപ്പ് തുടർന്നു. ഒടുവിൽ രാവിലെ ഏഴരയോടെ മലയിഞ്ചിയിൽ എത്തിച്ചേരുകയായിരുന്നു. 40 മണിക്കൂറോളം ദുരിത യാത്രക്കൊടുവിലാണ് ജോമോൻ കാട്ടിൽ നിന്നും പുറത്തുകടന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'കുഞ്ഞ് വിട്ടുപോയതറിയാതെ കൂട്ടിരുന്ന് അമ്മയാന'; കരളലിയിക്കുന്ന കാഴ്ച 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ