വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: അശ്ലീലചിത്ര മാഫിയയ്ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം; അമ്മ ഹൈക്കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2023 09:30 PM  |  

Last Updated: 18th January 2023 09:30 PM  |   A+A-   |  

Walayar case

പ്രതീകാത്മക ചിത്രം


കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ അശ്ലീലചിത്ര മാഫിയയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സിബിഐ അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നും ഹര്‍ജിയില്‍ മാതതാവ് ആവശ്യപ്പെട്ടു. കേസില്‍ പ്രതികളായ രണ്ടു പേരുടെ ദുരൂഹമരണം അന്വേഷിക്കണം. തല്‍സ്ഥിതി അറിയിക്കാന്‍ സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

നേരത്തെ, സഹോദരിമാര്‍ പീഡനം സഹിക്കാനാവാതെ ജീവനൊടുക്കിയതാണെന്ന് കാണിച്ചു സിബിഐ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പാലക്കാട് പോക്‌സോ കോടതി അത് ഫയലില്‍ സ്വീകരിച്ചിരുന്നില്ല. തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കേസ് സിബിഐയോടു തന്നെ വീണ്ടും അന്വേഷിക്കാന്‍ പാലക്കാട് ഫസ്റ്റ് അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എല്‍ ജയന്ത് നിര്‍ദേശിക്കുകയും ചെയ്തു.

പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പൊലീസിന്റെ കണ്ടെത്തല്‍ ശരിവയ്ക്കുന്ന കുറ്റപത്രമാണ് സിബിഐയും സമര്‍പ്പിച്ചത്. ഇതു സ്വീകരിക്കാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കുട്ടികളുടെ മരണം ആത്മഹത്യ തന്നെയാണെന്ന കുറ്റപത്രത്തിനെതിരെ കുട്ടികളുടെ അമ്മയും വാളയാര്‍ സമരസമിതിയും രംഗത്തെത്തിയിരുന്നു.

2017 ജനുവരി 13നും മാര്‍ച്ച് നാലിനുമായാണ് പതിമൂന്നും ഒന്‍പതും വയസ്സുള്ള സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. പ്രതികള്‍ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതില്‍ മനംനൊന്താണ് കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതിനിടെ, കേസില്‍ പ്രതികളെ വിട്ടയച്ച പോക്‌സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ പ്രവീണ്‍ റാണയെ നായകനാക്കി സിനിമയെടുത്തു; എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ