മോഷ്ടിച്ച സ്കൂട്ടറിൽ ബിരിയാണി കഴിക്കാനെത്തി, കഴിച്ച് തീരാറായപ്പോൾ പാറ്റ, പിടിക്കപ്പെടുമെന്നായപ്പോൾ ഇറങ്ങി ഓടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2023 09:17 AM  |  

Last Updated: 18th January 2023 10:53 AM  |   A+A-   |  

chicken_biriyani

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മോഷ്ടിച്ച സ്കൂട്ടറിൽ ഹോട്ടലിലെത്തി ബിരിയാണി കഴിച്ച ശേഷം അതിൽ നിന്നും പാറ്റ കിട്ടിയെന്ന് പറഞ്ഞ് രണ്ട് യുവാക്കൾ ബഹളം വെച്ചു. ഒടുവിൽ പിടിക്കപ്പെടുമെന്നായപ്പോൾ ഇരുവരും ഇറങ്ങി ഓടി.  കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിലാണ് നാടകീയ രം​ഗങ്ങൾ അരങ്ങേറിയത്.

ഹോട്ടലിലെത്തിയ യുവാക്കൾ ഹോർലിക്സും പിന്നീട് ബിരിയാണിയും ഓർഡർ ചെയ്തു. കഴിച്ചു തീരാറായപ്പോൾ ബിരിയാണിയിൽ നിന്നും പാറ്റയെ കിട്ടിയെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. എന്നാൽ പാറ്റയ്ക്ക് ചൂടു ബിരിയാണിയിൽ കിടന്ന ലക്ഷണമില്ലെന്ന് തോന്നിയതോടെ സിസിടിവി പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചതായത്.

ഇതോടെ  ഒരാൾ ഓടി രക്ഷപ്പെട്ടു. മറ്റൊരാളെ ഹോട്ടൽ ജീവനക്കാർ തടഞ്ഞു വെച്ചു. എന്നാൽ പിന്നീട് ഇയാളും രക്ഷപ്പെട്ടു. ഇവർ വന്ന ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. വിവരം അറിയിച്ചതിനെ തുടർന്ന് മം​ഗലാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ബൈക്ക് മോഷ്ടിച്ച ശേഷം നമ്പർപ്ലേറ്റ് നീക്കം ചെയ്തതാകാമെന്നാണ് പൊലീസ് നി​ഗമനം. അതേസമയം സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞു. ഇവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ട്രെയിൻ യാത്രയ്ക്കിടെ എലി കടിച്ചു; യാത്രക്കാരിക്ക് 20,000 രൂപ നഷ്ടപരിഹാരം, ഉത്തരവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ