സിയാല്‍ വിവരാവകാശ പരിധിയിലെന്ന ഉത്തരവ് സ്റ്റേ ചെയ്തതിന് എതിരായ ഹര്‍ജി തള്ളി

ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെത്തന്നെ തന്റെ വാദമുന്നയിക്കാന്‍ അവസരമുണ്ടെന്ന് സുപ്രീംകോടതി
സിയാല്‍, ഫയല്‍ ചിത്രം
സിയാല്‍, ഫയല്‍ ചിത്രം

കൊച്ചി: കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഉത്തരവ് സ്‌റ്റേ ചെയ്തതിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്ത ഡിവിഷന്‍ ബെഞ്ച് നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.

സിയാല്‍ പബ്ലിക് അതോറിറ്റിയാണെന്നും വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്നുമായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി. ബോര്‍ഡ് മീറ്റിങ്ങിന്റെ മിനിറ്റ്‌സ് നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ചോദ്യംചെയ്ത് സിയാല്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്. ഇതിനെതിരേ സിയാല്‍ നല്‍കിയ ഹര്‍ജിയില്‍ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. ഈ സ്‌റ്റേ ഉത്തരവ് നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ഹര്‍ജിക്കാരന് ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെത്തന്നെ തന്റെ വാദമുന്നയിക്കാന്‍ അവസരമുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കമ്പനിയില്‍ സര്‍ക്കാര്‍ ഓഹരി 32.42 ശതമാനമാണെന്നും അതിനാല്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ലെന്നുമുള്ള വാദമാണ് സിയാല്‍ ഉന്നയിച്ചത്. സിയാലിനു വേണ്ടി അഡ്വ. ബെന്നി തോമസ് ഹാജരായി. 

കമ്പനിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയും ഡയറക്ടര്‍ ബോര്‍ഡില്‍ മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാനേജിങ് ഡയറക്ടര്‍ ഐ.എ.എസ്. ഓഫീസറും ആണെന്നത് കണക്കിലെടുത്താണ് സിയാല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com