'അടയ്ക്ക ആയാല്‍ മടിയില്‍ വയ്ക്കാം, മരമായാല്‍ എന്തുചെയ്യും'; അനില്‍ ആന്റണി വിവാദത്തില്‍ എം എം ഹസ്സന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2023 09:46 PM  |  

Last Updated: 25th January 2023 09:46 PM  |   A+A-   |  

hassan-anil_antony

എംഎം ഹസ്സന്‍, അനില്‍ ആന്റണി

 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെ കുറിച്ചുള്ള അനില്‍ കെ ആന്റണിയുടെ പ്രതികരണവും തുടര്‍ന്നുള്ള രാജിയെയും കുറിച്ച് പ്രതികരിച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. അടയ്ക്ക ആയാല്‍ മടിയില്‍ വയ്ക്കാം അടയ്ക്കാ മരമായാല്‍ എന്ത് ചെയ്യുമെന്ന് എം എം ഹസ്സന്‍ ചോദിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം വ്യക്തിപരവും നിര്‍ഭാഗ്യകരവുമാണ്. അതിനോട് അസഹിഷ്ണുതയോടെ പ്രതികരിക്കേണ്ടതില്ല. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി അനില്‍ ആന്റണി രാജിവച്ചു. എന്നാല്‍ അനില്‍ ആന്റണി ബിജെപിയില്‍ പോകുമെന്ന് താന്‍ കരുതുന്നില്ലെന്നും എം എം ഹസ്സന്‍ പറഞ്ഞു.

ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്കെതിരായ പാര്‍ട്ടി നിലപാട് തള്ളിയതിന് എതിരെ കോണ്‍ഗ്രസില്‍ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് അനില്‍ ആന്റണി രാജിവച്ചത്. കോണ്‍ഗ്രസിലെ എല്ലാ പദവികളില്‍ നിന്നും രാജിവയ്ക്കുന്നതായി, മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ മകന്‍ കൂടിയായ അനില്‍ അറിയിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ തന്നെ ബിബിസി ഡോക്യുമെന്ററിയെ എതിര്‍ത്തുകൊണ്ടുള്ള തന്റെ ട്വീറ്റിന്റെ പേരില്‍ അസഹിഷ്ണുത പ്രകടപ്പിക്കുകയാണ്. ട്വീറ്റ് പിന്‍വലിക്കണമെന്ന അവരെല്ലാം ആവശ്യപ്പെട്ടെങ്കിലും താന്‍ നിരസിച്ചു. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ശകാരങ്ങള്‍ നിറയുകയാണ്. ഈ കാപട്യം സഹിക്കാനാവില്ലെന്ന് അനില്‍ ട്വിറ്ററില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ സ്തുതി പാഠകര്‍ക്കാണ് സ്ഥാനമെന്നും അതുമാത്രമാണ് പലരുടെയും യോഗ്യതയെന്നും രാജിക്കത്തില്‍ അനില്‍ ആന്റണി വിമര്‍ശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 'എകെ ആന്റണിയെ ഇങ്ങനെ ആക്ഷേപിക്കേണ്ടിയിരുന്നില്ല'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ