ഗുരുവായുരപ്പന്റെ അനുഗ്രഹം തേടി ആനന്ദ് അംബാനിയും രാധികയും

വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദും പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി
ആനന്ദ് അംബാനിയും രാധിക മര്‍ച്ചന്റും ഗുരുവായൂര്‍ ക്ഷേത്രത്തില്‍
ആനന്ദ് അംബാനിയും രാധിക മര്‍ച്ചന്റും ഗുരുവായൂര്‍ ക്ഷേത്രത്തില്‍

വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദും പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ് അംബാനിയും രാധികാ മര്‍ച്ചന്റും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഗുരുവായൂരില്‍ എത്തിയത്.  

ശ്രീവല്‍സം അതിഥി മന്ദിരത്തില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വികെ വിജയന്‍, ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍ എന്നിവര്‍ ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. ചെയര്‍മാന്‍ ഡോ.വികെ വിജയന്‍  പൊന്നാടയണിയിച്ചു. തുടര്‍ന്ന് ദേവസ്വം ഭരണസാരഥികള്‍ക്കൊപ്പം ആനന്ദും രാധികയും ക്ഷേത്രത്തിലെത്തി. സോപാനത്തിന് മുന്നില്‍ നിന്ന് ഗുരുവായൂരപ്പനെ ഇരുവരും തൊഴുതു. 

ആനന്ദ് ഭണ്ഡാരത്തില്‍ കാണിക്കയുമര്‍പ്പിച്ചു. പിന്നീട് കൊടിമരച്ചുവട്ടില്‍ വെച്ച് ഭഗവാന്റെ പ്രസാദ കിറ്റ്  ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍ ആനന്ദിനും രാധികയ്ക്കും നല്‍കി. ദര്‍ശന സായൂജ്യം നേടിയ സന്തോഷത്തിലാണ് ആനന്ദും സംഘവും ക്ഷേത്രത്തില്‍ നിന്നു ഇറങ്ങിയത്. ദേവസ്വം ഉപഹാരമായി മ്യൂറല്‍ പെയിന്റിങ്ങും ഇരുവര്‍ക്കുമായി സമ്മാനിച്ചു. തുടര്‍ന്ന് ശ്രീ ഗുരുവായുരപ്പന്റെ ഗജവീരന്‍മാരുടെ താവളമായ പുന്നത്തൂര്‍ ആനക്കോട്ടയും സംഘം സന്ദര്‍ശിച്ചു.
ശ്രീകൃഷ്ണ കോളജ് മൈതാനത്ത്  ഉച്ചയ്ക്ക് ഒരു മണിയോടെ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ ശേഷം റോഡ് മാര്‍ഗമാണ് സംഘം ശ്രീവല്‍സത്തിലെത്തിയത്.

ജനുവരി 19 വ്യാഴാഴ്ച മുംബൈയിലായിരുന്നു ആനന്ദിന്റെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ നിശ്ചയം നടന്നത്. രാധിക കഴിഞ്ഞ സെപ്റ്റംബറില്‍ മുകേഷ് അംബാനിക്കൊപ്പം ക്ഷേത്ര ദര്‍ശ്‌നം നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com