'വൈലോപ്പള്ളിയുടെ വാഴക്കുല', നേരെ കോപ്പിയടിച്ച് വച്ചു; ചിന്തയുടെ പ്രബന്ധത്തിന് എതിരെ പുതിയ ആരോപണം

യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധവുമായി ബന്ധപ്പെട്ട് കോപ്പിയടി വിവാദവും
ചിന്ത ജെറോം/ ചിത്രം; ഫെയ്സ്ബുക്ക്
ചിന്ത ജെറോം/ ചിത്രം; ഫെയ്സ്ബുക്ക്

തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധവുമായി ബന്ധപ്പെട്ട് കോപ്പിയടി വിവാദവും. പ്രബന്ധം കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി  ഇന്നു തെളിവുസഹിതം കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു പരാതി നല്‍കും. 

2010 ഒക്ടോബര്‍ 17 നു 'ബോധി കോമണ്‍സ്' എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച 'ദ് മൈന്‍ഡ് സ്‌പേയ്‌സ് ഓഫ് മെയിന്‍ സ്ട്രീം മലയാളം സിനിമ' എന്ന ലേഖനത്തിലെ ആശയം ചിന്ത തന്റെ പ്രബന്ധത്തില്‍ അതേപടി പകര്‍ത്തിയതായാണ് ആരോപണം. ബ്രഹ്മപ്രകാശ് എന്ന് പേരുള്ള ആള്‍ എഴുതിയ ലേഖനത്തില്‍ 'വാഴക്കുല'യുടെ രചയിതാവിന്റെ പേര് 'വൈലോപ്പിള്ളി' എന്ന് തെറ്റായാണ് ചേര്‍ത്തിരിക്കുന്നത്. ഈ ഭാഗം അതേ പടി ചിന്തയുടെ പ്രബന്ധത്തിലുമുണ്ടെന്നാണ് ആരോപിക്കുന്നത്. 'വൈലോപ്പള്ളി' എന്ന് അക്ഷരത്തെറ്റോടെയാണ് പേരു കുറിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പ്രബന്ധത്തില്‍ വാഴക്കുല'യുടെ രചയിതാവിന്റെ പേരിന്റെ സ്ഥാനത്ത് 'വൈലോപ്പിള്ളി'എന്ന് തെറ്റായി നല്‍കിയിരിക്കുന്നത് വിവാദമായിരുന്നു.

പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളിലെ ജാതി, വര്‍ഗ, രാഷ്ട്രീയ തലങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് 'ബോധി കോമണ്‍സി'ല്‍ വന്ന ബ്രഹ്മപ്രകാശിന്റെ ലേഖനം. ചിന്താ ജെറോമിന്റെ പ്രബന്ധവും ഇതിനു സമാനമാണെന്നാണ് ആരോപണത്തില്‍ പറയുന്നത്. ലേഖനത്തില്‍ 'ആര്യന്‍' എന്ന സിനിമയിലെ സംഭാഷണത്തെ സൂചിപ്പിക്കുന്ന ഭാഗത്താണ് ചങ്ങമ്പുഴയ്ക്കു പകരമായി വാഴക്കുലയുടെ രചയിതാവായി വൈലോപ്പിള്ളിയെ രേഖപ്പെടുത്തിയിരിക്കുന്നത്. 

കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന ഡോ. അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് ചിന്ത ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചത്. 2021 ല്‍ സര്‍വകലാശാല ഇതിന് പിഎച്ച്ഡി നല്‍കുകയായിരുന്നു. ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പരാതിയും സര്‍വകലാശാലയ്ക്കു മുന്നിലുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com