ജലസ്രോതസുകളുടെ അതിര്‍ത്തിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍; സര്‍വ്വേ സെല്‍ രൂപീകരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2023 08:39 PM  |  

Last Updated: 31st January 2023 08:39 PM  |   A+A-   |  

k rajan

റവന്യൂമന്ത്രി കെ രാജന്‍ , ഫയല്‍ ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്തെ പുഴകളും തോടുകളും സംരക്ഷിക്കുന്നതിനായി ജലസ്രോതസുകളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ച് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി റവന്യൂ വകുപ്പിന് കീഴില്‍ പ്രത്യേകമായ സര്‍വ്വെ സെല്‍ രൂപീകരിച്ചു. ഗ്രാമ പഞ്ചായത്തുകളുമായി സഹകരിച്ച് അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിനുള്ള പ്രത്യേക സംവിധാനമാണ് സര്‍വ്വേ സെല്‍. 

പുഴയോരങ്ങളിലും മറ്റുമുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പിന് പഞ്ചായത്തിന്റെ സഹായങ്ങള്‍ ലഭ്യമാവും.  ഇതുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാനായി ചേര്‍ന്ന ഉന്നതതല സമിതിയുടെ യോഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ലാന്റ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍മാരുടെ അധ്യക്ഷതയില്‍ സര്‍വ്വെ സെല്‍ രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. 

ഓരോ ജില്ലയിലേയും സര്‍വ്വെ സെല്ലിന്റെ വൈസ് ചെയര്‍മാനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേയും നിശ്ചയിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) കണ്‍വീനറായി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ സര്‍വ്വെ സൂപ്രണ്ട്, ജില്ലാ പൊലീസ് മേധാവി, ജില്ലാ ഫയര്‍ഫോഴ്‌സ് മേധാവി, ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചീനിയര്‍, ജില്ലാ ജിയോളജിസ്റ്റ് എന്നിവരാണ് എക്‌സിക്യുട്ടീവ് അംഗങ്ങള്‍. 

ഓരോ മാസവും സര്‍വ്വെ സെല്ലിന്റെ യോഗം ചേര്‍ന്ന് ജലസ്രോതസ്സുകളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ച് കയ്യേറ്റങ്ങളുടെ പട്ടിക തയ്യാറാക്കും. ആ പട്ടികയുടെ അടിസ്ഥാനത്തില്‍ അവ ഒഴിപ്പിക്കുന്നതിന് റവന്യൂ, സര്‍വ്വെ, പൊലീസ്, എന്നീ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദം; കേരള വിസിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ