കൊച്ചിയില്‍ പൊലീസ് ചമഞ്ഞ് സ്വര്‍ണം മോഷ്ടിച്ചു; നാലുപേരെ അതിസാഹസികമായി പിടികൂടി 

പൊലീസ് ചമഞ്ഞ് സ്വര്‍ണം മോഷ്ടിച്ച പ്രതികള്‍ പിടിയില്‍
പ്രതികളുടെ ബാഗ് പൊലീസ് പരിശോധിക്കുന്നതിന്റെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്
പ്രതികളുടെ ബാഗ് പൊലീസ് പരിശോധിക്കുന്നതിന്റെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്

കൊച്ചി: പൊലീസ് ചമഞ്ഞ് സ്വര്‍ണം മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. കാറിലും ബൈക്കിലുമായി കടന്ന കര്‍ണാടക സ്വദേശികളായ നാലു പേരെ അതിസാഹസികമായാണ് പിടികൂടിയത്. രക്ഷപ്പെട്ട രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു.

രണ്ടാഴ്ച മുന്‍പ് സൗത്ത് പാലത്തിന് അടിയില്‍ വച്ച് സ്ത്രീയെ ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണം കവര്‍ന്നത്. പൊലീസുകാര്‍ ചമഞ്ഞാണ് മോഷണം നടത്തിയത്. സ്ത്രീയ്ക്ക് മൂന്നര പവന്‍ സ്വര്‍ണമാണ് നഷ്ടമായത്. ഇവരുടെ മൊബൈല്‍ രേഖകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കൊച്ചിയില്‍ മോഷണം നടത്തിയ ശേഷം ഇവര്‍ ആലപ്പുഴയിലും മറ്റു ജില്ലകളിലും പോയി. തുടര്‍ന്ന് തിരിച്ച് സ്വദേശമായ കര്‍ണാടകയില്‍ എത്തിയ ശേഷമാണ് ഇവര്‍ മൊബൈല്‍ ഓണ്‍ ചെയ്തത്. ഇതോടെ ഇവര്‍ എവിടെയാണ് എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് ഇവരെ പൊലീസ് പിന്തുടരാന്‍ തുടങ്ങി.

കഴിഞ്ഞദിവസം ഇവര്‍ വീണ്ടും കേരളം ലക്ഷ്യമാക്കി തിരിച്ചുവരുന്നതായി വിവരം ലഭിച്ചു. ആദ്യം പൊള്ളാച്ചിയില്‍ എത്തിയ അവര്‍ അവിടെ മോഷണം നടത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചത്. തൃശൂരിലും ഒരു മോഷണം നടത്തി. ഇവരുടെ സഞ്ചാരപാതയെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ പരിശോധിക്കാനും മറ്റും പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു.

അതിനിടെ സംഘം പാലിയേക്കര ടോള്‍ പ്ലാസ കടന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ലക്ഷ്യമിട്ട് പൊലീസ് പിന്തുടരാന്‍ തുടങ്ങി. പൊലീസ് പിന്തുടരുന്നു എന്ന് മനസിലാക്കിയ സംഘം തൃശൂര്‍ ഭാഗത്തേയ്ക്ക് വാഹനം തിരിച്ചു. പിന്നാലെ പൊലീസും ഇവരുടെ വാഹനം പിന്തുടരാന്‍ തുടങ്ങി. ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിക്ക് സമീപത്ത് വച്ച് നിയന്ത്രണം വിട്ട് മോഷണ സംഘത്തിന്റെ വാഹനം ഒരു മരത്തില്‍ ഇടിച്ചു. വാഹനം ഉപേക്ഷിച്ച് ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ പാടത്തേയ്ക്കും മറ്റും ഓടിയെ സംഘത്തെ പൊലീസുകാര്‍ അതിസാഹസികമായാണ് പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com