പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്ക് മുകളില്‍ മരം വീണു

കനത്ത മഴയില്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന് മുകളില്‍ മരം വീണു
കന്റോണ്‍മെന്റ് ഹൗസ്/ഫയല്‍
കന്റോണ്‍മെന്റ് ഹൗസ്/ഫയല്‍തിരുവനന്തപുരം: കനത്ത മഴയില്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന് മുകളില്‍ മരം വീണു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ചു മാറ്റാനുള്ള ശ്രമം ആരംഭിച്ചു. വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയാണ് പെയ്യുന്നത്.

കനത്ത മഴയില്‍ സംസ്ഥാനവ്യാപകമായി വന്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ചാലക്കുടിയിലും പരിസരങ്ങളിലും ഇന്നു രാവിലെയുണ്ടായ മിന്നല്‍ ചുഴലിയില്‍ കനത്ത നാശനഷ്ടമുണ്ടായതായി കെഎസ്ഇബി അറിയിച്ചു. പ്രാഥമിക കണക്കെടുപ്പില്‍ ചാലക്കുടി ഇലക്ട്രിക്കല്‍ ഡിവിഷന് കീഴില്‍ മാത്രം 84 എല്‍ടി പോസ്റ്റുകളും 26 എച്ച്ടി പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.നാലു ട്രാന്‍സ്ഫോര്‍മറുകളും കേടായി.

126 ഇടങ്ങളില്‍ വൈദ്യുതി കമ്പികള്‍ മരം വീണ് പൊട്ടിപ്പോയി. 33,500 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങിയതായാണ് കണക്കാക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുകൊണ്ട് വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാനും കഴിയുന്നിടത്തെല്ലാം വൈദ്യുതി ബന്ധം എത്രയും വേഗം പുന:സ്ഥാപിക്കാനുമായി യുദ്ധകാലാടിസ്ഥാനത്തില്‍ പ്രയത്നിക്കുകയാണെന്ന് ബോര്‍ഡ് അറിയിച്ചു.

ചാലിയത്ത് ബോട്ട് കടലില്‍ അകപ്പെട്ടു. മൂന്ന് ദിവസം മുമ്പ് ചാലിയത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ യുകെ സണ്‍സ് എന്ന ബോട്ടാണ് കടലില്‍ അകപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം അഞ്ചുപേരാണ് ബോട്ടില്‍ ഉള്ളത്. വടകര താലൂക്ക് ആശുപത്രിയുടെ മതില്‍ ഇടിഞ്ഞു വീണു. ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ചേര്‍ന്നുള്ള മതിലാണ് റോഡിലേക്ക് ഇടിഞ്ഞു വീണത്.

കോഴിക്കോട് കുടുംബം താമസിച്ചിരുന്ന താല്‍ക്കാലിക ഷെഡ് കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നു. മാവൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ കണ്ണിപറമ്പ് പഴയം കുന്നത്ത് ഗിരിജയുടെ കുടുംബം താമസിച്ചിരുന്ന ഷെഡ് ആണ് തകര്‍ന്നത്.

ബുധനാഴ്ച രാവിലെ എട്ടു മണിക്കാണ് അപകടം നടന്നത്. കുടുംബത്തിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് അനുവദിച്ചതിനെതുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന ചെറിയ വീട് പൊളിച്ച് ഷെഡിലേക്ക് താമസം മാറ്റിയിരുന്നു. ഫര്‍ണിച്ചറുകള്‍ അടക്കമുള്ള വീട്ടുപകരണങ്ങള്‍ മുഴുവന്‍ നശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com