24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ആംബുലന്‍സ്; ഫ്ലോട്ടിങ് ഡിസ്‌പെന്‍സറികള്‍, കുട്ടനാട്ടില്‍ സജ്ജീകരണങ്ങളുമായി ആരോഗ്യവകുപ്പ്
By സമകാലികമലയാളം ഡെസ്‌ക് | Published: 06th July 2023 07:03 PM |
Last Updated: 06th July 2023 07:03 PM | A+A A- |

ഫയല്‍ ചിത്രം
ആലപ്പുഴ: കുട്ടനാടന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിനായി പ്രത്യേക സംവിധാനങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. വെള്ളത്തില്‍ സഞ്ചരിക്കുന്ന 3 മൊബൈല്‍ ഫ്ളോട്ടിങ് ഡിസ്പെന്‍സറികള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ആംബുലന്‍സ്, കരയില്‍ സഞ്ചരിക്കുന്ന മൊബൈല്‍ യൂണിറ്റ് എന്നിവയാണ് സജ്ജമാക്കിയത്. വെള്ളിയാഴ്ച മുതല്‍ ഇവ പ്രവര്‍ത്തനം ആരംഭിക്കും.
ഈ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് വീണാ ജോര്‍ജ് പറഞ്ഞു. ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മൊബൈല്‍ യൂണിറ്റുകളില്‍ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബോട്ടുകളിലാണ് ആരോഗ്യവകുപ്പിന്റെ കീഴിലുള്ള മൊബൈല്‍ ഫ്ളോട്ടിങ് ഡിസ്പെന്‍സറികള്‍ സജ്ജമാക്കിയിരിക്കുന്നത്. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെത്തി രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണിവരെയാണ് സേവനം ലഭ്യമാക്കുന്നത്. ചമ്പക്കുളം, കാവാലം, കുപ്പപുറം ആരോഗ്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മൂന്ന് ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികളിലും ഡോക്ടര്‍, നഴ്സ്, ഫര്‍മസിസ്റ് എന്നിവരുടെ സേവനം ലഭ്യമാണ്. പനി, മറ്റ് അസുഖങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പ്രാഥമിക ചികിത്സ കൂടാതെ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള ചികിത്സയും മരുന്നും അടക്കമുള്ള സേവനങ്ങളും ഈ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികളില്‍ ലഭ്യമാണ്. രോഗ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികള്‍ വഴി നടത്തുന്നു.
രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെ സേവനം ലഭ്യമാകുന്ന മൊബൈല്‍ യൂണിറ്റില്‍ ഡോക്ടര്‍, നഴ്സ് തുടങ്ങിയവരുണ്ടാകും. വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്ന് ഓക്സിജന്‍ ഉള്‍പ്പെടെയുള്ള സേവനവും വാട്ടര്‍ ആംബുലന്‍സില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡിഎംഒ കണ്‍ട്രോള്‍ റൂം നമ്പര്‍: 0477 2961652.
ഈ വാര്‍ത്ത കൂടി വായിക്കൂ തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ