അതിവേഗ പാത ബ്രോഡ് ഗേജില്‍ വേണം, മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഇ ശ്രീധരന്‍; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 11th July 2023 10:37 AM  |  

Last Updated: 11th July 2023 10:37 AM  |   A+A-   |  

silverline

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:  സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് കൊണ്ടുള്ള മെട്രോമാന്‍ ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സര്‍ക്കാര്‍ പ്രതിനിധിയായ കെ വി തോമസ് മുഖേനയാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. ആദ്യം സെമി- ഹൈസ്പീഡും പിന്നീട് ഹൈസ്പീഡും എന്ന തരത്തില്‍ പദ്ധതി നടപ്പാക്കണമെന്നാണ് ശ്രീധരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

കഴിഞ്ഞ ദിവസം ഇ ശ്രീധരനുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനക്കം വച്ചത്. സംസ്ഥാനത്ത് കെ റെയില്‍ പദ്ധതി എങ്ങനെ നടപ്പാക്കാം എന്നതിനെ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ തേടിയാണ് കെ വി തോമസ് ശ്രീധരനെ കണ്ടത്. കെ റെയില്‍ പദ്ധതിയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്താമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കാമെന്ന് പറഞ്ഞാണ് അന്ന് ഇരുവരും പിരിഞ്ഞത്. തുടര്‍ന്ന് കെ റെയില്‍ പദ്ധതി വേണ്ടായെന്ന് പറഞ്ഞിട്ടില്ലെന്നും ഭേദഗതികളോടെ നടപ്പാക്കണമെന്നാണ് മുന്‍പ് പറഞ്ഞതെന്നുമാണ് ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഇ ശ്രീധരന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

തുടക്കത്തില്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി നടപ്പാക്കാനാണ് ശ്രീധരന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് ഹൈ സ്പീഡിലേക്ക് മാറ്റണം. സില്‍വര്‍ ലൈനിനെ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ കൂടുതല്‍ പ്രയോജനം ലഭിക്കുകയുള്ളൂ. സംസ്ഥാനത്തിന് പുറത്തേയ്ക്കും യാത്ര ചെയ്യാന്‍ കഴിയുന്നവിധം സംവിധാനം ഒരുക്കണം. ഇതിന് കെ- റെയില്‍ പദ്ധതി ബ്രോഡ്‌ഗേജ് സംവിധാനത്തിലേക്ക് മാറിയാലേ പ്രയോജനം ചെയ്യുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തിരുവനന്തപുരം-കണ്ണൂര്‍ 1 മണിക്കൂര്‍;  അതിവേഗ പാത ഒരുക്കാം, സര്‍ക്കാര്‍ പറഞ്ഞാല്‍ തയ്യാറെന്ന് ഇ ശ്രീധരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ