പത്ത് കിലോമീറ്റര്‍ പിന്നിടാന്‍ മൂന്നരമണിക്കൂര്‍; ജനനായകന് വിടനല്‍കി തലസ്ഥാനം; വീഡിയോ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 19th July 2023 11:26 AM  |  

Last Updated: 19th July 2023 11:26 AM  |   A+A-   |  

ommen_chandy_1

ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര

 

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു. കെഎസ്ആര്‍ടിസിയുടെ പ്രത്യേകം തയാറാക്കിയ ബസിലാണ് വിലാപയാത്ര. പതിമൂന്ന് കിലോമീറ്റര്‍ പിന്നിടാന്‍ മാത്രം നാലു മണിക്കുറിലധികം സമയമാണ് എടുത്തത്. പാതയോരങ്ങളില്‍ ജനനായകനെ ഒരു നോക്കുകാണാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. 

പ്രിയനേതാവിനോടുള്ള ജനങ്ങളുടെ കരതലും ആര്‍ദ്രതയും എന്താണെന്ന് അടയാളപ്പെടുത്തുന്നതാണ് ഈ വിലാപയാത്ര. റോഡിന് ഇരുവശവും കൈക്കുഞ്ഞുങ്ങളമായി എത്തിയ അനേകം അമ്മമാര്‍, വയോധികര്‍, അംഗപരിമിതര്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ജനകീയ നേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കുന്നത് വഴിനീളെ കാണാമായിരുന്നു. 

ബുധനാഴ്ച വൈകിട്ട് കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം രാത്രിയോടെയാകും പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കുക. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാകും വിലാപയാത്ര കോട്ടയത്തെത്തുക. 

ഇതേതുടര്‍ന്ന് എംസി റോഡില്‍ തിരുവനന്തപുരം മുതല്‍ കോട്ടയം വരെ ഗതാഗതക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എംസി റോഡ് വഴി കടന്നുപോകേണ്ട വലിയ വാഹനങ്ങള്‍ ദേശീയപാത വഴി കടത്തിവിടും. 

കോട്ടയത്ത് ഉച്ചകഴിഞ്ഞ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണങ്ങളുടെ ഭാഗമായാണ് അവധിപ്രഖ്യാപിച്ചത്. കോട്ടയം നഗരത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതലാണ് ഗതാഗതനിയന്ത്രണം. 

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികശരീരം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്നു മണിയോടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്ലസ് വൺ പ്രവേശനം: ഒരു അവസരം കൂടി, ഇന്നും നാളെയും വീണ്ടും അപേക്ഷിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ