പഞ്ചായത്ത് അംഗത്തിന് പൊള്ളലേറ്റത് ആസിഡ് ആക്രമണം; പിന്നില്‍ സിപിഐ നേതാവെന്ന് ഭാര്യ, കുപ്പി കണ്ടെത്തി

മാറനല്ലൂര്‍ പഞ്ചായത്തംഗവും സിപിഐ നേതാവുമായ സുധീര്‍ഖാന് വീട്ടില്‍വെച്ച് പൊള്ളലേറ്റത് ആസിഡ് ആക്രമണത്തില്‍ നിന്നെന്ന് സ്ഥിരീകരണം
സുധീര്‍ ഖാനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
സുധീര്‍ ഖാനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്


തിരുവനന്തപുരം: മാറനല്ലൂര്‍ പഞ്ചായത്തംഗവും സിപിഐ നേതാവുമായ സുധീര്‍ഖാന് വീട്ടില്‍വെച്ച് പൊള്ളലേറ്റത് ആസിഡ് ആക്രമണത്തില്‍ നിന്നെന്ന് സ്ഥിരീകരണം. ആസിഡ് കൊണ്ടുവന്ന കുപ്പി വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തു. സൂധീര്‍ ഖാന്റെ സുഹൃത്തായ സിപിഐ നേതാവ് സജികുമാര്‍ വീട്ടിലെത്തിയതിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് സുധീര്‍ ഖാന്റെ ഭാര്യ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്ത് നിന്ന് ആസിഡ് കുപ്പി കണ്ടെത്തിയത്. സജി കുമാര്‍ ആസിഡ് ആക്രമണം നടത്തിയതാകും എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സജികുമാര്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. 45 ശതമാനം പൊള്ളലേറ്റ സുധീര്‍ ഖാനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

'രാവിലെ സജീവ് വന്ന് കതക് തട്ടി. അവന്‍ ഇല്ലേയെന്ന് ചോദിച്ചു. ഒരു പൊതു കയ്യിലുണ്ടായിരുന്നു. ഞാന്‍ മുറ്റമടിക്കാനായി ഇറങ്ങി. സജികുമാര്‍ മുറിയിലേക്ക് പോയി. പെട്ടെന്ന് തന്നെ സജികുമാര്‍ പുറത്തേക്ക് പോയി. ആ സമയത്ത് തന്നെ നിലവിളി കേട്ടു. ഓടിച്ചെന്നു നോക്കിയപ്പോള്‍ ബാത്ത് റൂമില്‍ ടാപ്പ് തുറന്നുവിട്ട് ഇരിക്കുകയായിരുന്നു. എന്ത് സംഭവിച്ചു എന്ന് ചോദിച്ചപ്പോള്‍ ഫോണ്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പറഞ്ഞത്. പിന്നാലെ പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ചു.'- സുധീര്‍ ഖാന്റെ ഭാര്യ ഹൈറുന്നിസ പറഞ്ഞു. സുധീര്‍ ഖാനും സജി കുമാറും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഹൈറുന്നീസ പറഞ്ഞു. 

വെള്ളൂര്‍ക്കോണം ക്ഷീരോത്പാദന സഹകരണ സംഘത്തിന്റെ മുന്‍ സെക്രട്ടറിയാണ് സജികുമാര്‍. സംഘത്തിന്റെ നിലവിലെ പ്രസിഡന്റ് സുധീര്‍ ഖാന്‍ ആണ്. സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് നേരത്തെ പാര്‍ട്ടി ഇടപെട്ട് പരിഹരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com