വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴ; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്, വയനാട്ടിൽ ഭാ​ഗിക അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2023 06:50 AM  |  

Last Updated: 26th July 2023 06:50 AM  |   A+A-   |  

rain_in_kerala

ചിത്രം: ടി പി സൂരജ്

 

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. സംസ്ഥാനത്ത് എറണാകുളം മുതൽ കാസർകോടുവരെ എട്ട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെ മഴ മുന്നറിയിപ്പില്ല. കേരളത്തിൽ നാളെ വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.  

ഉയർന്ന തിരമാല ‌‌

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട്  തീരത്ത് ഇന്ന് പുലർച്ചെ 01.30 മുതൽ നാളെ രാത്രി 11.30 വരെ 1.5 മുതൽ 2.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 

ജാഗ്രത പാലിയ്ക്കുക

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

അവധി

വയനാട് ജില്ലിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നാലുവര്‍ഷം തടവ്, 4 ലക്ഷം രൂപ പിഴ

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ