ഓണക്കിറ്റ് എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നില്ല; അര്‍ഹതയുള്ളവര്‍ക്ക് നല്‍കും: മന്ത്രി ജി ആര്‍ അനില്‍

By സമകാലിക മലയാളം ഡെസ്ക്   |   Published: 31st July 2023 11:43 AM  |  

Last Updated: 31st July 2023 11:43 AM  |   A+A-   |  

g_r_anil_food_minister

ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ/ചിത്രം: ഫേയ്സ്ബുക്ക്

 

തിരുവനന്തപുരം: ഓണക്കിറ്റ് എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അര്‍ഹതയുള്ളവര്‍ ആരാണോ അവര്‍ക്ക് കിറ്റ് നല്‍കും. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് നല്‍കുമെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രി അനില്‍ പറഞ്ഞു. 

ഓണക്കിറ്റ് ആര്‍ക്കൊക്കെ നല്‍കണമെന്ന് മന്ത്രിസഭായോഗം തീരുമാനിക്കും. സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളില്‍ സാധനങ്ങള്‍ ലഭ്യമാക്കി ക്കൊണ്ടിരിക്കുകയാണ്. സപ്ലൈകോയില്‍ സാധനങ്ങള്‍ ഉള്ളതിന്റെ കണക്ക് തന്റെ കൈവശം ഉണ്ട്. മാധ്യമങ്ങള്‍ ഭീതി പരത്തുകയാണ് ചെയ്യുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. 

ഓണത്തിന് യാതൊരു തരത്തിലുള്ള കുറവുകളുമുണ്ടാകില്ല. ഇതില്‍ ഒരാശങ്കയും വേണ്ട. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മാനദണ്ഡം അനുസരിച്ചുള്ള മുഴുവന്‍ ആളുകള്‍ക്കും ഓണക്കിറ്റ് ഓണത്തിന് മുമ്പ് കൊടുത്തിരിക്കും. അതിന് ആവശ്യമായ എല്ലാ നടപടികളും ചെയ്യാന്‍ പ്രാപ്തമായ പ്രസ്ഥാനമാണ് സപ്ലൈകോയെന്നും മന്ത്രി പറഞ്ഞു.  

ഭക്ഷ്യവകുപ്പിന്റെ സാമ്പത്തിക പ്രതിസന്ധി എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ആ സാമ്പത്തിക പ്രയാസങ്ങളൊന്നും തന്നെ ഓണത്തിന്റെ മാര്‍ക്കറ്റ് ഇടപെടലില്‍ ബാധിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സപ്ലൈകോക്ക് സര്‍ക്കാരില്‍ നിന്നും കിട്ടിയ തുക പര്യാപ്തമല്ലെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂലം ആദ്യഘട്ടം എന്ന നിലയ്ക്കാണ് ആ പണം നല്‍കിയതെന്നാണ് കരുതുന്നത്. 

അടുത്തഘട്ടമായി ആവശ്യമായ പണം സര്‍ക്കാര്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അനില്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ 
കടുത്ത സാമ്പത്തിക ഞെരുക്കം മൂലമാണ് ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡുകാരെ പോലും ഇത്തവണ ഓണക്കിറ്റ് കൊടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി; സ്പീക്കർ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല; ഷംസീറിനെതിരെ എൻഎസ്എസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ