'അമിതവേഗത്തിനുള്ള ചെലാൻ എനിക്കും കിട്ടിയിട്ടുണ്ട്'; വിഐപികളെ ഒഴിവാക്കില്ലെന്ന് ആന്റണി രാജു
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th June 2023 08:40 PM |
Last Updated: 04th June 2023 08:40 PM | A+A A- |

മന്ത്രി ആന്റണി രാജു/ ഫയല്‍
തിരുവനന്തപുരം; റോഡ് കാമറയുടെ മുന്നിൽ വിഐപി എന്നോ അല്ലാത്തവരെന്നോ വേർതിരിവില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിയമം ലംഘിക്കുന്നവർ നടപടികൾക്ക് വിധേയമാകേണ്ടി വരും. ആർക്കും പ്രത്യേക പരിഗണനകൾ നൽകില്ലെന്ന് മന്ത്രി വ്യക്തമാക്കി. അമിതവാഹനത്തിന് തനിക്ക് ചെലാൻ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞാൻ മന്ത്രിയായ ശേഷം, എന്റെ വാഹനത്തിന് അമിതവേഗത്തിനുള്ള ചെലാൻ ലഭിച്ചിട്ടുണ്ട്. എന്റെ പേരിൽത്തന്നെയുള്ള ചെലാൻ, മന്ത്രിയാണെന്ന പേരിൽ ഒഴിവാക്കാമായിരുന്നു. പക്ഷേ ഞാൻ അത് ചെയ്തിട്ടില്ല. എതെങ്കിലും ഒരു ഉദ്യോഗസ്ഥന് വിഐപികളെ ഇതിൽനിന്ന് ഒഴിവാക്കാൻ പറ്റില്ല. സുതാര്യമായും വിവേചനരഹിതമായും കാര്യങ്ങൾ ചെയ്യുന്നതിന് കൂടിയാണ് ഈ സംവിധാനം. നിയമലംഘനം നടന്നാൽ മാത്രമേ കാമറ രേഖപ്പെടുത്തുകയുള്ളൂ.- ആന്റണി രാജു പറഞ്ഞു. കേന്ദ്രസർക്കാർ നിയമം അനുസരിച്ചുള്ള എമർജൻസി വാഹനങ്ങൾക്കുള്ള ഇളവുകൾ മാത്രമാണുള്ളത്.
റോഡ് നിയമ ലംഘനത്തിന് നാളെ രാവിലെ എട്ടുമണി മുതല്‍ എഐ കാമറ പിഴ ചുമത്തി തുടങ്ങും. ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാന്‍ അനുവദിക്കുമെന്നും പിഴ ചുമത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. ആവശ്യമായ നിയമഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രം അന്തിമതീരുമാനം കൈക്കൊള്ളുന്നത് വരെ ഇരുചക്രവാഹനത്തില്‍ 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാന്‍ അനുവദിക്കുന്നതാണ്.
ഈ വാർത്ത കൂടി വായിക്കൂ
ഇരുചക്രവാഹനത്തില്‍ കുട്ടികളുമായി യാത്ര ചെയ്യാം; പിഴ ചുമത്തില്ലെന്ന് മന്ത്രി
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ