മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കണം; നിവേദനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2023 09:34 PM  |  

Last Updated: 08th June 2023 09:34 PM  |   A+A-   |  

maharajas

ഫോട്ടോ: ഫെയ്സ്ബുക്ക്

 

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം. മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നാലെ സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി യുജിസിക്കും ​ഗവർണർക്കുമാണ് നിവേദനം നൽകിയത്. ‌

ഒരു വിഭാ​ഗം അധ്യാപകരുടേയും അനധ്യാപകരുടേയും വിദ്യാർത്ഥി സംഘടനാ നേതാക്കളുടേയും നിയന്ത്രണത്തിലാണ് കോളജ് ഭരണം. പരീക്ഷാ നടത്തിപ്പ് ഉൾപ്പെടെയുള്ള അക്കാദമിക പ്രവർത്തനങ്ങളടക്കം ഇവരുടെ നിയന്ത്രണത്തിലാണെന്നതിന്റെ തെളിവാണ് കോളജിലെ പുതിയ സംഭവങ്ങളെന്ന് നിവേദനത്തിൽ പറയുന്നു.

ജയിലിൽ കഴിഞ്ഞ വിദ്യാർത്ഥി സംഘടനാ നേതാവിനു പരോൾ ലഭിക്കാൻ കോടതിയിൽ ഹാൾ ടിക്കറ്റ് ഹാജരാക്കേണ്ടിയിരുന്നതു കൊണ്ടു പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചതായും ​ഗസ്റ്റ് അധ്യാപികയുടെ സർട്ടിഫിക്കറ്റിനുപയോ​ഗിച്ച ലെറ്റർപാഡും സീലും ഒപ്പും കോളജിന്റേതാണെന്നും സമിതി നിവേദനത്തിൽ പറയുന്നു. പട്ടികജാതി സംവരണം അട്ടിമറിച്ച് വനിതാ നേതാവിനു സംസ്കൃത സർവകലാശാലയിൽ പിഎച്ഡി പ്രവേശനം നൽകിയ മുൻ വിസി, യുജിസി ചട്ടത്തിൽ പട്ടികജാതി സംവരണം അനുവദിച്ചില്ലെന്ന ന്യായീകരണവുമായി വന്നത് വസ്തുതാ വിരു​ദ്ധമാണ്. യൂനിവേഴ്സിറ്റി ചട്ടത്തിൽ പട്ടികജാതി ഒഴിവുകൾ പ്രത്യേക വി‍ജ്ഞാപനം ചെയ്തു നികത്തണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും സമിതി പറയുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ആസൂത്രിതമായ തട്ടിപ്പുകളെക്കുറിച്ച് സമ​ഗ്രമായ അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്ന് സമിതി ആവശ്യപ്പെട്ടു. ഓട്ടോണമസ് പദവി നൽകേണ്ട നിലയിലേക്ക് നമ്മുടെ പൊതുസമൂഹം ഉയർന്നിട്ടില്ല. അതിനാൽ ഭാവിയിലും ഇത്തരത്തിലുള്ള ക്രമക്കേടുകൾ വ്യാപകമാകാൻ സാധ്യതയുണ്ട്. കോളജിന്റെ ഓട്ടോണമസ് പദവി പിൻവലിച്ച് പരീക്ഷാ നടത്തിപ്പുൾപ്പെടെയുള്ള ചുമതല എംജി സർവകലാശാലയുടെ നിയന്ത്രണത്തിലാക്കണമെന്ന ആവശ്യവും സമിതി ഉന്നയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ