'പരാതി കളവ്, തെളിവില്ല'; ഇപിക്കെതിരായ കേസ് അവസാനിപ്പിക്കുന്നു
By സമകാലികമലയാളം ഡെസ്ക് | Published: 08th June 2023 07:22 PM |
Last Updated: 08th June 2023 07:22 PM | A+A A- |

ഇ പി ജയരാജന്‍, ഫയല്‍ ചിത്രം
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പ്രതിഷേധിക്കുന്നതിനിടെ, തങ്ങളെ മര്‍ദിച്ച ഇ പി ജയരാജനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശപ്രകാരം വലിയതുറ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഈ കേസ് എഴുതിത്തള്ളാനാണ് പൊലീസ് നീക്കം.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി കളവാണെന്നും ജയരാജന്‍ അക്രമം നടത്തിയതിന് തെളിവില്ലെന്നുമാണ് വലിയതുറ പൊലീസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
റിപ്പോര്‍ട്ടില്‍ പരാതിയുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയെ സമീപിക്കാമെന്നും പരാതിക്കാരോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിച്ചത്.
2022 ജൂണിലാണ് ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍, യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവരാണ് പ്രതിഷേധിച്ചത്. കണ്ണൂരില്‍നിന്നു വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോള്‍ കറുത്ത വസ്ത്രമണിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്ക് അടുത്തേക്ക് ചെന്നു.
അതിനിടെ, മുഖ്യമന്ത്രിയുടെ മുന്നിലുണ്ടായിരുന്ന ഇ പി ജയരാജന്‍ പ്രതിഷേധിച്ച ഒരാളെ നിലത്തേക്കു തള്ളിയിട്ടു എന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് പൊലീസെത്തി യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റു ചെയ്തു. വധശ്രമം, ഓദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാട്ടല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
വിദ്യ എസ്എഫ്‌ഐ നേതാവല്ല; നേതാക്കളുമായി ഫോട്ടോ എടുത്താല്‍ അവരുമായി ബന്ധമുണ്ടാകുമോ?; ഇപി ജയരാജന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ