നാട്ടിലെ കുട്ടികൾക്കായി സ്കൂൾ തുടങ്ങി, ഇത് സർക്കാരിന് ഒരു രൂപയ്ക്ക് വിട്ടുനൽകിയ ചിത്രൻ നമ്പൂതിരിപ്പാട്; മുഖ്യമന്ത്രിയുടെ കുറിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th June 2023 10:12 PM  |  

Last Updated: 27th June 2023 10:12 PM  |   A+A-   |  

Pinarayi_Vijayan_Chitran_Namboothiripad

മുഖ്യമന്ത്രി ഫേയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം

 

വിദ്യാഭ്യാസ പണ്ഡിതൻ പി ചിത്രൻ നമ്പൂതിരിപ്പാടിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സാംസ്‌കാരിക കേരളത്തിന് വലിയ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും സാധ്യമായ എല്ലാ മേഖലകളിലും തന്റെ പ്രതിബദ്ധതയും രാഷ്ട്രീയനിഷ്ഠയും പ്രകടിപ്പിച്ച വലിയൊരു വ്യക്തിത്വത്തെയാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി കുറിച്ചു. 

"മലപ്പുറത്തെ മൂക്കുതലയിൽ തന്റെ നാട്ടിലെ കുട്ടികൾക്കായി സ്കൂൾ തുടങ്ങി അധ്യാപനകാലത്തും സാമൂഹ്യ പ്രതിബദ്ധത കാണിച്ച വ്യക്തിയാണ്. ആദ്യ ഇ എം എസ് സർക്കാരിന് ഈ സ്കൂൾ ഒരു രൂപയ്ക്ക് വിട്ടുനൽകി പൊതുവിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്താൻ അദ്ദേഹം മുന്നിൽ നിന്നു", ചിത്രൻ നമ്പൂതിരിപ്പാടിന്റെ സംഭാവനകളെക്കുറിച്ച് മുഖ്യമന്ത്രി പങ്കുവച്ചു. 2020ൽ അദ്ദേഹത്തെ നേരിൽ കണ്ട അനുഭവവും മുഖ്യമന്ത്രി കുറിച്ചു, "അദ്ദേഹത്തെ തൃശൂരിലെ വസതിയിൽ വെച്ചു കാണാൻ സാധിച്ചിരുന്നു. എന്റെ പഠനകാലത്ത് പെരളശ്ശേരി സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അന്യായമായി പുറത്താക്കപ്പെട്ടപ്പോൾ രക്ഷകനായി എത്തിയത് അന്നത്തെ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ചിത്രൻ നമ്പൂതിരിപ്പാടായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ അന്ന് ഞാൻ സംഘടനാ പ്രവർത്തകനായിരുന്ന കാലത്തെ ആ അനുഭവം സവിസ്തരം പരസ്പരം പങ്കു വെച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയുടെ ചെക്ക് നൽകിയാണ് അന്നദ്ദേഹം ഞങ്ങളെ യാത്ര അയച്ചത്". 

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം

വിദ്യാഭ്യാസ വിദഗ്ദ്ധനും അധ്യാപകനും ചരിത്രകാരനുമായിരുന്ന ചിത്രൻ നമ്പൂതിരിപ്പാടിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സാംസ്‌കാരിക കേരളത്തിന് വലിയ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. യാത്രികനും സംസ്ഥാന വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറും സ്കൂൾ യുവജനോത്സവത്തിന്റെ ആസൂത്രകനുമൊക്കെയായി കേരള പൊതുമണ്ഡലത്തിൽ അദ്ദേഹം നിറഞ്ഞു നിന്നു.
പഠനകാലത്തു തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ ചിത്രൻ നമ്പൂതിരിപ്പാട് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. മലപ്പുറത്തെ മൂക്കുതലയിൽ തന്റെ നാട്ടിലെ കുട്ടികൾക്കായി സ്കൂൾ തുടങ്ങി അധ്യാപനകാലത്തും സാമൂഹ്യ പ്രതിബദ്ധത കാണിച്ച വ്യക്തിയാണ്. ആദ്യ ഇ എം എസ് സർക്കാരിന് ഈ സ്കൂൾ ഒരു രൂപയ്ക്ക് വിട്ടുനൽകി പൊതുവിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്താൻ അദ്ദേഹം മുന്നിൽ നിന്നു. ഇങ്ങനെ സാധ്യമായ എല്ലാ മേഖലകളിലും തന്റെ പ്രതിബദ്ധതയും രാഷ്ട്രീയനിഷ്ഠയും പ്രകടിപ്പിച്ച വലിയൊരു വ്യക്തിത്വത്തെയാണ് കേരളസമൂഹത്തിന് നഷ്ടമായിരിക്കുന്നത്.
2020ൽ അദ്ദേഹത്തെ തൃശൂരിലെ വസതിയിൽ വെച്ചു കാണാൻ സാധിച്ചിരുന്നു. എന്റെ പഠനകാലത്ത് പെരളശ്ശേരി സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അന്യായമായി പുറത്താക്കപ്പെട്ടപ്പോൾ രക്ഷകനായി എത്തിയത് അന്നത്തെ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ചിത്രൻ നമ്പൂതിരിപ്പാടായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ അന്ന് ഞാൻ സംഘടനാ പ്രവർത്തകനായിരുന്ന കാലത്തെ ആ അനുഭവം സവിസ്തരം പരസ്പരം പങ്കു വെച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയുടെ ചെക്ക് നൽകിയാണ് അന്നദ്ദേഹം ഞങ്ങളെ യാത്ര അയച്ചത്. 
പ്രബുദ്ധ കേരളത്തിന്റെ നാൾവഴികളിൽ വലിയ സംഭാവനകൾ ചെയ്ത വ്യക്തിയായിരുന്നു ചിത്രൻ നമ്പൂതിരിപ്പാട്. അദ്ദേഹത്തിന്റെ വേർപാടുണ്ടാക്കിയിരിക്കുന്ന നഷ്ടം ചെറുതല്ല. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും  സാംസ്‌കാരിക കേരളത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അച്ഛന്റെ ലോട്ടറിക്കടയിൽ നിന്നും എടുത്ത ടിക്കറ്റിന് 75 ലക്ഷം സമ്മാനം; സന്തോഷത്തിന് അതിരില്ലെന്ന് ആഷ്‌ലി

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ