രാത്രികാലങ്ങളിൽ ബൈക്കിൽ എത്തി മോഷണം, ജോലികഴിഞ്ഞ് വരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ ഇരകൾ, അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2023 07:00 AM  |  

Last Updated: 02nd March 2023 07:00 AM  |   A+A-   |  

Guruvayur gold robbery case

പ്രതീകാത്മക ചിത്രം

കോഴിക്കോട്: രാത്രിയിൽ ബൈക്കിൽ  കറങ്ങി നടന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും മോഷ്ടിക്കുന്ന സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ സക്കീന വഹാർ (19), പ്രായപൂർത്തിയാവാത്ത മറ്റൊരാളെയുമാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്‌തത്. രാത്രിയിൽ ഹോട്ടലുകളിലും മറ്റും പണി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഒറ്റക്ക് നടക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവരുടെ ഇരകൾ. ഇവർ കവർച്ച നടത്താൻ ഉപയോഗിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 


രാത്രി മാവൂർ റോഡിന് സമീപം വെച്ച് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ പശ്ചിമ ബംഗാൾ സ്വദേശി സെയ്ഫ് റാഫുൽ എന്ന യുവാവിന്റെ പണവും ഫോണുമാണ് ഇവർ തട്ടിയെടുത്തത്. അർദ്ധരാത്രി സമയങ്ങളിൽ  ഇരുചക്രവാഹനങ്ങളിൽ കറങ്ങിയാണ് കവർച്ച ചെയ്യാൻ സാധിക്കുന്നവരെ കണ്ടെത്തുന്നത്. അതിഥി തൊഴിലാളികളാകുമ്പോൾ പരാതി നൽകാനുള്ള സാധ്യത കുറവാണെന്ന് മനസിലാക്കിയാണ് കവർച്ച നടത്താൻ ഇവരെ തെരഞ്ഞെടുക്കുന്നത്. മയക്കുമരുന്ന് ഉപയോഗത്തിനും ആർഭാടമായി ജീവിതം നയിക്കുന്നതിനുമാണ് കവർച്ച ചെയ്യുന്ന പണം ഇവർ ഉപയോ​ഗിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും സൈബർ സെല്ലിൻ്റെ സഹായത്തോടെയുമാണ് നടക്കാവ് പൊലീസ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് ജെഎഫ്‌സിഎം കോടതിയിൽ ഹാജരാക്കിയ ഒരു പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയത് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈൽ കോടതി മുമ്പാകെ ഹാജരാക്കി റിപ്പോർട്ട് സമർപ്പിച്ചു. ഒരു പ്രതിയെ ഇനിയും പിടികൂടാനുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ടിക്കറ്റില്ലാതെ യാത്ര; റെയില്‍വേയ്ക്ക് പിഴ ഇനത്തില്‍ കിട്ടിയത് 100 കോടി; റെക്കോര്‍ഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ