കലക്ടറുടേതടക്കം അഞ്ച് വാഹനങ്ങൾ ജപ്തി ചെയ്യില്ല; നടപടിക്ക് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2023 08:12 PM  |  

Last Updated: 03rd March 2023 08:12 PM  |   A+A-   |  

innova

ഫോട്ടോ: ഫെയ്സ്ബുക്ക്

 

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കലക്ടറുടേതടക്കം അഞ്ച് വാഹനങ്ങൾ ജപ്തി ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പത്തനംതിട്ട റിങ് റോഡ് വികസനത്തിന് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകിയില്ലെന്ന കേസിലാണ് അഞ്ച് വാഹനങ്ങൾ ജപ്തി ചെയ്യാൻ സബ് കോടതി ഉത്തരവിട്ടത്. 

ഇതിനെതിരെ ജില്ലാ ഭരണകൂടം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർ‌ജി പരിഗണിച്ച കോടതി ജപ്തി നടപടികൾ താത്കാലികമായി സ്റ്റേ ചെയ്തു. 

2008ലാണ് പത്തനംതിട്ട റിങ് റോഡിനു വേണ്ടി മൂന്ന് സെന്റ് സ്ഥലം ഏറ്റെടുത്തത്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഉടമയ്ക്ക് നഷ്ടപരിഹാരമായി പലിശയുൾപ്പെടെ ഏകദേശം 38 ലക്ഷം രൂപ നൽകാൻ കോടതി വിധിച്ചിരുന്നു. എന്നാൽ ഇത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട സ്വദേശിയായ ഉടമ സബ് കോടതിയെ സമീപിച്ചു. 

പൊതുമരാമത്ത് വകുപ്പാണ് പണം നൽകേണ്ടത്. ജില്ലാ ഭരണകൂടം പല തവണ വകുപ്പിന് കത്ത് നൽകിയെങ്കിലും ഫലം ഉണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് ഏഴ് ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്. 

ബാക്കി തുക കൂടിലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഉടമ ഹൈക്കോടതിയെ സമീപിച്ചപ്പോൾ, കേസ് എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്നാവശ്യപ്പെട്ട് സബ് കോടതിക്ക് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സബ് കോടതി ജപ്തിക്ക് ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടം ഹൈക്കോടതിയെ സമീപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അശ്രദ്ധമായി ഓവർടേക്ക് ചെയ്തത് അപകടമുണ്ടാക്കി; കോളജ് വിദ്യാർത്ഥികളുടെ മരണം; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌