ബോധംകെട്ടു വീണയാളെ തട്ടി നോക്കിയിട്ട് ആന മടങ്ങി, നിലമ്പൂരിൽ ഭീതിപരത്തി കാട്ടാനകൾ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2023 10:48 AM  |  

Last Updated: 05th March 2023 10:50 AM  |   A+A-   |  

wild_elephant

പ്രതീകാത്മക ചിത്രം

 

നിലമ്പൂർ: പട്ടാപ്പകൽ ജനവാസ മേഖലയിൽ ഭീതിപരത്തി കാട്ടാനകൾ. മമ്പാട്, തിരുവാലി, വണ്ടൂർ പഞ്ചായത്തുകളോടുചേർന്ന പ്രദേശത്ത് ശനിയാഴ്ച രാവിലെയോടെയാണ് കാട്ടാനകൾ ഇറങ്ങിയത്. പുലർച്ചെ റബ്ബർതോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് ആനയെ കണ്ടത്. 

കാട്ടാനകളെ ഓടിക്കുന്നതിനിടെ ആന തിരിഞ്ഞതിനെ തുടർന്ന് വീണ് ഒരാൾക്ക് പരിക്കേറ്റു. കാട്ടുമുണ്ട പള്ളിപ്പടി സ്വദേശി വി ടി മുസ്തഫയ്‌ക്കാണ് പരിക്കേറ്റത്. തലയ്‌ക്കും കാലിനും പരിക്കേറ്റ മുസ്തഫയ്‌ക്ക് ബോധം പോയി. താഴെ വീണ മുസ്തഫയെ രണ്ട് തവണ ചുറ്റിയ ശേഷം കാലുകൊണ്ട് തട്ടിയിട്ടു ആന തിരിച്ചു പോയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാട്ടുമുണ്ട, കുന്നുംപുറം, കൂട്ടിലങ്ങാടി, തെക്കുംപാടം, നടുവത്ത്, ചെമ്മരം തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവ തമ്പടിച്ചത്. പുലർച്ചെ മൂന്നു മണിയോടെ ഇവ കാട്ടുമുണ്ട മേഖലകളിൽ നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. വീടുകളുടെ മതിലുകളും കൃഷിയിടവും ആന തകർത്തിട്ടുണ്ട്. മണിക്കൂറുകളോളം ഭീതിയിലാക്കിയ കാട്ടാനകളെ രാവിലെ ഒൻപതു മണിയോടെയാണ് നിലമ്പൂർ കോടതിപ്പടിക്കും അരുവാക്കോട് വനം ഡിപ്പോയ്ക്കുമിടയിൽ കെ എൻ ജി റോഡ് മുറിച്ച് കടത്തി വനത്തിലേക്ക് കയറ്റിവിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

യാത്രക്കാർ ശ്രദ്ധിക്കുക; ഈ ട്രെയിനുകളുടെ സമയത്തിൽ മാറ്റം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌