കൊച്ചിയിലെ വിഷപ്പുക; ആരോ​ഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോ​ഗം

By സമകാലിക മലയാളം ഡെസ്ക്  |   Published: 05th March 2023 09:12 AM  |  

Last Updated: 05th March 2023 09:12 AM  |   A+A-   |  

kochi

ടെലിവിഷൻ ദൃശ്യം

 

കൊച്ചി: ബ്രഹ്മപുര മാലിന്യ പ്ലാന്റിൽ തീ പടർന്ന് ന​ഗരത്തിൽ വിഷപ്പുക വ്യാപകമാകുന്ന സാഹചര്യത്തിൽ അടിയന്തര യോ​ഗം വിളിച്ച് ആരോ​ഗ്യ മന്ത്രി വീണ ജോർജ്. എറണാകുളം കലക്ടറേറ്റിൽ യോ​ഗം ഉടൻ ആരംഭിക്കും. 

വിഷപ്പുക ന​ഗരത്തിൽ വിവിധ ഭാ​ഗങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. മരട്, കുണ്ടന്നൂർ, കുമ്പളം ഭാ​ഗത്തും പുക പടരുകയാണ്. പ്ലാസ്റ്റിക്ക് കത്തുന്നതിനാൽ അതിന്റെ മണവും വ്യാപകമായുണ്ട്. 

ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചതോടെ കൊച്ചിയിലെ ​വായു ​ഗുണനിലവാര സൂചിക മോശം അവസ്ഥയിലായി. മലിനീകരണമുണ്ടാക്കുന്ന കണങ്ങളുടെ അളവ് അനുവദനീയമായതിലും കൂടുതലാണ് നിലവിൽ. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. 

പിഎം 2.5 വായു മലിനീകരണത്തോത് 105 മൈക്രോ ഗ്രാമായാണ് ഉയര്‍ന്നത്. ബ്രഹ്മപുരത്ത് തീ പിടിക്കുന്നതിന് തലേ ദിവസം വരെ ഇത് 66 മൈക്രോ ​ഗ്രാം മാത്രമായിരുന്നു. പിഎം 10 മലിനീകരണ തോതും വർധിച്ചിട്ടുണ്ട്. 148.41 മൈക്രോ ​ഗ്രാമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 40 മൈക്രോ ഗ്രാമിനു മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് അപകടകരമാണെന്നിരിക്കെയാണ് ഈ വര്‍ധന. 

കഴിഞ്ഞ നാല് ദിവസമായി തീ പിടിക്കുന്നത് തുടരുകയാണ്. ഫയർ ഫോഴ്സിന്റെ നേതൃ‍ത്വത്തിൽ തീയണയ്ക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. ‌

കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് ചിലയിടങ്ങളിൽ നേരിയ ആശ്വാസമുണ്ടെങ്കിലും മറ്റിടങ്ങളിലേക്ക് പുക വ്യാപിക്കുന്നതും തീ അണയാത്തതും ആശങ്കയായി നിൽക്കുന്നു. ശ്വാസ തടസം ഉൾപ്പെടെയുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ ചികിത്സ തേടണം. ആശുപത്രികളോട് തയ്യാറായി ഇരിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബ്രഹ്മപുരം; തീ അണയ്ക്കാൻ ഊർജ്ജിത ശ്രമം; പുക കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു; ജനങ്ങൾ ജാ​ഗ്രത തുടരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌