സ്‌മോക്ക് കാഷ്വാലിറ്റിയും ഓക്‌സിജൻ പാർലറുകളും സജ്ജം; ആശങ്കപ്പെടേണ്ട, മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് വീണാ ജോർജ് 

By സമകാലിക മലയാളം ഡെസ്ക്  |   Published: 05th March 2023 08:44 PM  |  

Last Updated: 05th March 2023 08:44 PM  |   A+A-   |  

brahmapuram

തീപിടത്തതെ തുടര്‍ന്ന് നഗരത്തില്‍ വ്യാപിച്ച പുക/എക്‌സ്പ്രസ് ഫോട്ടോ

 

കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ആവശ്യമായ മുൻകരുതൽ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും തീപിടിത്തത്തെ തുടർന്നുണ്ടായ പുകമൂലം നിലവിൽ ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു. പുക പടർന്നിരിക്കുന്ന പ്രദേശങ്ങളിലുളളവർ എൻ 95 മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണമെന്നും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഗർഭിണികൾ, കുട്ടികൾ, മുതിർന്നവർ കഴിവതും പുറത്തിറങ്ങാതിരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുകമൂലം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാൽ ചികിത്സിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ 100 കിടക്കകളും തൃപ്പൂണിത്തുറയിലെ താലുക്ക് ആശുപത്രിയിൽ 20 കിടക്കകളും കളമശേരി മെഡിക്കൽ കോളജിൽ കുട്ടികൾക്കായി 10 കിടക്കകളും സ്‌മോക്ക് കാഷ്വാലിറ്റിയും സജ്ജമാക്കിയിട്ടുണ്ട്. രണ്ട് ഓക്‌സിജൻ പാർലറുകൾ ബ്രഹ്‌മപുരത്ത് സജ്ജമാക്കിയിട്ടുണ്ട്. തീയണയ്ക്കാൻ രംഗത്തുള്ള അഗ്‌നി രക്ഷാപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ശ്വാസതടസം ഉണ്ടായാൽ ഇതുപയോ​ഗിക്കാം.

ഓക്‌സിജൻ സൗകര്യമുള്ള ആംബുലൻസും ഉണ്ട്. ആംബുലൻസിൽ ഒരേസമയം നാലുപേർക്ക് ഓക്‌സിജൻ നൽകുന്നതിന് സൗകര്യമുണ്ട്. വടവുകോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വരുന്ന ഒരാഴ്ച്ച 24 മണിക്കൂറും ഡോക്ടർമാർ ഉൾപ്പെടെ അധിക ജീവനക്കാർ ഉണ്ടാകും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പൾമനോളജിസ്റ്റ് ഉൾപ്പെടെ പ്രത്യേക മെഡിക്കൽ സംഘവും ഇവിടെയുണ്ടാകും. പുക ശ്വസിച്ച് ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടികളുണ്ടായാൽ ആശുപത്രിയെ സമീപിക്കാം. സർക്കാർ, സ്വകാര്യ ആശുപത്രികൾ ഇവ റിപ്പോർട്ട് ചെയ്യണം, മന്ത്രി പറഞ്ഞു. 

24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളജ്: 8075774769, ഡിഎംഒ ഓഫീസ്: 0484 2360802. 

ഈ വാര്‍ത്ത കൂടി വായിക്കൂ ബ്രഹ്മപുരത്ത് മാലിന്യവുമായി എത്തിയ വാഹനങ്ങള്‍ തടഞ്ഞു; നാളെമുതല്‍ സമരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌