അധ്യാപികയുടെ ഫോണ്‍ മോഷ്ടിച്ച് സ്‌കൂള്‍ ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശമയച്ചു; സഹപ്രവര്‍ത്തകര്‍ ഒളിവില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2023 02:31 PM  |  

Last Updated: 05th March 2023 02:31 PM  |   A+A-   |  

whatsapp

പ്രതീകാത്മക ചിത്രം

 

കൊല്ലം: സ്റ്റാഫ് റൂമില്‍നിന്ന് അധ്യാപികയുടെ ഫോണ്‍ കവര്‍ന്ന് സ്‌കൂളിലെ വാട്‌സാപ് ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ 2 അധ്യാപകരെ പ്രതികളാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തേവലക്കര ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപകരായ മൈനാഗപ്പള്ളി സ്വദേശി പ്രജീഷ്, തേവലക്കര സ്വദേശി സാദിയ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇരുവരും ഒളിവിലാണ്.

സ്‌കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപികയായ കെഎസ് സോയയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്നാണ് കെഎസ്ടിഎ ഉള്‍പ്പെടെയുള്ള വാട്‌സാപ് ഗ്രൂപ്പുകളില്‍ സിപിഎം നേതാക്കളെയും സ്‌കൂളിലെ അധ്യാപകരെയും പരാമര്‍ശിച്ച് അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ഫോണ്‍ നഷ്ടമായ ഉടനെ അധ്യാപക സിം ബ്ലോക്ക് ചെയ്തു പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആരോപണ നിഴലിലായ പ്രജീഷും സാദിയയും മൊഴിയെടുക്കാന്‍ എത്താതെ മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളും സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ഫോണുകളും പരിശോധിച്ച ശേഷം പ്രജീഷ്, സാദിയ എന്നിവരെ പ്രതികളാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെന്ന് അന്വേഷണസംഘം പറഞ്ഞു.

സംഭവത്തിന് ശേഷം ഫോണ്‍ പൂര്‍ണമായി നശിപ്പിച്ചെന്നാണ് സൂചന. പ്രതികള്‍ക്കൊപ്പം, പരാതിക്കാരിയായ കെഎസ് സോയയേയും അധ്യാപകനായ സി എസ് പ്രദീപിനെയും സ്‌കൂളിലെ അച്ചടക്കത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കാരണം പറഞ്ഞ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ പ്രപവര്‍ത്തിക്കുന്ന സ്‌കൂളാണ് ഇത്. പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണ് കാരണമെന്നും പരാതിയുണ്ട്.

സിപിഎം നിയന്ത്രണത്തിലുള്ള തേവലക്കര ബോയ്‌സ്, ഗേള്‍സ് ഹൈസ്‌കൂളുകളിലെ നിയമനങ്ങളില്‍ പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങളെയും പോഷക സംഘടന നേതാക്കളെയുമാണ് പരിഗണിക്കുന്നത്. നിയമനങ്ങള്‍ വീതം വയ്ക്കുന്നതിനെ ചൊല്ലി പാര്‍ട്ടി ഘടകങ്ങളിലും തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. ഏറെനാളായി അധ്യാപകര്‍ പല ഗ്രൂപ്പുകളായിട്ടാണ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ക്കിടയിലുള്ള തര്‍ക്കങ്ങളും വൈരാഗ്യവുമാണ് ഫോണ്‍ കവരുന്നതിനും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതിലേക്കും എത്തിയതെന്നും പൊലീസ് പറഞ്ഞു.


ഈ വാര്‍ത്ത കൂടി വായിക്കൂ ബ്രഹ്മപുരത്ത് തീ നിയന്ത്രണവിധേയം; മാലിന്യനീക്കം പുനരാരംഭിക്കാന്‍ താത്കാലിക സംവിധാനം; പി രാജീവ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌