'സംഘപരിവാര്‍ ലക്ഷ്യമിടുന്നത് ബ്രാഹ്മണാധിപത്യം'; വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തിന് സ്റ്റാലിനെ ക്ഷണിച്ച് മുഖ്യമന്ത്രി 

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷിക ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിന്  തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ നാ​ഗർകോവിലിൽ സംസാരിക്കുന്നു, സ്ക്രീൻഷോട്ട്
മുഖ്യമന്ത്രി പിണറായി വിജയന്‍ നാ​ഗർകോവിലിൽ സംസാരിക്കുന്നു, സ്ക്രീൻഷോട്ട്

നാഗര്‍കോവില്‍: വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷിക ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിന്  തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റാലിന്‍ തന്റെ സഹോദരന്‍ ആണെന്നും പിണറായി പറഞ്ഞു. നാഗര്‍കോവില്‍ വെച്ച് നടക്കുന്ന 'തോള്‍ ശീലൈ' മാറുമറയ്ക്കല്‍ സമരത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം കേരളവും തമിഴ്‌നാടും ഒരുമിച്ച് ആഘോഷിക്കണമെന്ന് എം കെ സ്റ്റാലിന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ് മുഖ്യമന്ത്രി അദ്ദേഹത്തെ ക്ഷണിച്ചത്. പെരിയാര്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തത് സ്റ്റാലിന്‍ ്തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

സനാതന ഹിന്ദുത്വം എന്ന വാക്കിലൂടെ സംഘപരിവാര്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ബ്രാഹ്മണ ആധിപത്യത്തിന്റെ പഴയ രാജവാഴ്ച കാലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജാധിപത്യത്തിനും വര്‍ഗീയാധിപത്യത്തിനും ഒരു പോലെ പ്രിയപ്പെട്ടതാകുകയാണ് ഈ വാക്ക്. ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.  ഇതില്‍പരം എന്ത് തെളിവാണ് ഇതിന് വേണ്ടത്. ജനാധിപത്യം ഇക്കൂട്ടര്‍ക്ക് അലര്‍ജിയാണ്. ഇതിനും മറ്റു തെളിവുകള്‍ ആവശ്യമില്ല.

സനാതന ഹിന്ദുത്വം അതിമഹത്വവും അഭിമാനകരവുമായ ഒന്നാണെന്നാണ് അവര്‍ പറയുന്നത്. അതിന്റെ പുനഃസ്ഥാപനമാണ് എല്ലാ സാമൂഹിക പ്രശ്‌നങ്ങള്‍ക്കുമുള്ള പോംവഴിയെന്ന വാദമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.ഇതിന്റെ മുഖ്യ അടയാള വാക്യമായി ഉയര്‍ത്തിക്കാട്ടുന്നത് 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ആശംസ വാചകമാണ്. എല്ലാവര്‍ക്കും സുഖം ഉണ്ടാവട്ടെ എന്നതാണ് ഇതിന്റെ അര്‍ത്ഥം. ഇത് സാധാരണ നിലയില്‍ എതിര്‍ക്കപ്പെടേണ്ട ഒന്നല്ല. ഏറ്റവും ഉദാത്തമായ ഒരു സങ്കല്‍പ്പമാണ്.

ലോകത്ത് ഹിന്ദുത്വം മാത്രമാണ് ഇതുപോലൊരു ശ്രേഷ്ഠ വാക്ക് മുന്നോട്ടുവെയ്ക്കുന്നത് എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. 
ഇതിന് തൊട്ടുമുന്‍പുള്ള വരി ബോധപൂര്‍വ്വം മറച്ചുവെയ്ക്കുകയാണ്. പശുവിനും ബ്രാഹ്മണനും സുഖം ഉണ്ടാവട്ടെ എന്നതാണ് ഇതിന് തൊട്ടുമുന്‍പുള്ള വരി. പശുവിനും ബ്രാഹ്മണനും സുഖം ഉണ്ടായാല്‍ ലോകത്തിന് മുഴുവന്‍ സുഖം ഉണ്ടാവട്ടെ എന്നാണ് മുഴുവന്‍ അര്‍ത്ഥം. സനാതനത്തിന്റെ മുദ്രാവാക്യവും ഇന്നത്തെ പശുകേന്ദ്രീകൃതവും ബ്രാഹ്മണ കേന്ദ്രീകൃതവുമായ രാഷ്ട്രീയവും എത്രമാത്രം ചേര്‍ന്നുപോകുന്നു എന്ന് നോക്കുക.അക്കാലത്ത് നിലനിന്ന സാമൂഹിക അനീതികള്‍ മാഞ്ഞുപോയിട്ടില്ല. പല രൂപങ്ങളില്‍ നിലനില്‍ക്കുന്നതായി മുഖ്യമന്ത്രി ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com