ചൂട് കൂടും, വേനൽമഴയ്ക്ക് ഉടൻ സാധ്യതയില്ല; മധ്യകേരളവും ഇനി വിയർക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th March 2023 07:50 AM |
Last Updated: 06th March 2023 07:50 AM | A+A A- |

കൊടും ചൂടിനെ പ്രതിരോധിക്കാൻ റോഡിൽ നിന്ന് കുളിക്കുന്നു/ ചിത്രം: എ സനേഷ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ താപനിലയിൽ നേരിയ കുറവുണ്ടായെങ്കിലും വരുംദിവസങ്ങളിൽ ചൂടു കൂടുമെന്ന് വിദഗ്ധർ. വടക്കൻ ജില്ലകളിൽ അനുഭവപ്പെടുന്ന കൊടുംചൂട് ഇനി മധ്യകേരളത്തിലേക്കും തീരദേശ മേഖലകളിലേക്കും വ്യാപിച്ചേക്കും. ഉത്തരേന്ത്യയിലെ എതിർ ചക്രവാതച്ചുഴി കാരണം ചൂട് വായു ഇങ്ങോട്ടു നീങ്ങിയതാണ് കേരളത്തിലെ കടുത്ത ചൂടിനു കാരണമെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല റഡാർ സെന്റർ ഡയറക്ടർ പറഞ്ഞു.
കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾപ്രകാരം ഇന്നലെ കൂടിയ ചൂട് തൃശൂർ വെള്ളാനിക്കരയിലും കൊച്ചി വിമാനത്താവളത്തിലുമായിരുന്നു. വെള്ളാനിക്കരയിൽ 37.1 ഡിഗ്രിയും കൊച്ചി വിമാനത്താവളത്തിൽ താപനില (37 ഡിഗ്രിയുമായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇന്നലെ താരതമ്യേന കുറഞ്ഞ പകൽ താപനില രേഖപ്പെടുത്തിയത്. 32.9ഡിഗ്രി ആയിരുന്നു ഇവിടെ താപനില. വരും ദിവസങ്ങളിലും കാര്യമായ വേനൽമഴയ്ക്ക് സാധ്യതയില്ല. ഒറ്റപ്പെട്ട നേരിയ മഴ പെയ്തേക്കാം.
അന്തരീക്ഷ താപനില വളരെ കൂടുതലായതിനാൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണം. ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്കു മാറിയ ശേഷം വൈദ്യസഹായം തേടണം. അടിയന്തിര ആവശ്യങ്ങൾക്ക് ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് ഡോക്ടറുടെ ഉപദേശം തേടാം.
ഈ വാര്‍ത്ത കൂടി വായിക്കൂ
അപായരേഖ തൊട്ടു; കൊച്ചിയിലെ വായുവിൽ വിഷാംശം കൂടി, ഏറ്റവും ഗുരുതരമായ അളവിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ