'മൈക്ക് ഓപ്പറേറ്റര്‍ എന്നെ പഠിപ്പിക്കാന്‍ വന്നു, അപ്പോള്‍ ക്ലാസെടുത്തു'
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th March 2023 02:04 PM |
Last Updated: 06th March 2023 02:04 PM | A+A A- |

എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍/വിഡിയോ ദൃശ്യം
തൃശൂര്‍: ജനകീയ പ്രതിരോധ ജാഥയില്‍ പ്രസംഗിക്കുന്നതിനിടെ, മൈക്ക് ഓപ്പറേറ്ററെ ശാസിച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. താന്‍ മൈക്ക് ഓപ്പറേറ്ററോടു തട്ടിക്കയറിയിട്ടില്ലെന്നും കാര്യങ്ങള്‍ ശരിയായി പറയുകയാണ് ചെയ്തതെന്നും, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി ഗോവിന്ദന്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ എംവി ഗോവിന്ദന്‍ പറഞ്ഞത് ഇങ്ങനെ: ''പ്രസംഗത്തിനിടെ ഒരു പ്രാവശ്യം വന്ന് അയാള്‍ മൈക്ക് ശരിയാക്കി. അവിടെനിന്ന് പോയശേഷം വീണ്ടും വന്ന് ഒന്നുകൂടി മൈക്ക് ശരിയാക്കി. എന്നിട്ട് അയാള്‍ എന്നോടു പറയുകയാണ്, അടുത്തുനിന്ന് സംസാരിക്കണമെന്ന്. അടുത്തുനിന്ന് സംസാരിക്കണമെന്നു പറഞ്ഞ് ആ മൈക്ക് ഓപ്പറേറ്റര്‍ എന്നെ പഠിപ്പിക്കാന്‍ വരികയാണ്.'
''അപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ അടുത്തു നില്‍ക്കാത്തതല്ല പ്രശ്‌നം. ഒരുപാടു സാധനങ്ങളുണ്ടിവിടെ. ആ സാധനമെല്ലാം കൊണ്ടുവച്ച് കൃത്യമായി, ശാസ്ത്രീയമായിട്ട് തയാറാക്കാന്‍ പറ്റിയിട്ടില്ല. അതാണ് പ്രശ്‌നം. എന്നിട്ട് അതിനെക്കുറിച്ച് ഞാന്‍ പൊതുയോഗത്തില്‍ വിശദീകരിക്കുകയും ചെയ്തു. അതിനു ക്ലാസെടുത്തു. അപ്പോള്‍ ഞാന്‍ ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ചെല്ലാം പറഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതില്‍ പ്രാപ്തിയില്ലാത്തതിന്റെ ഫലമായിട്ടാണ് ആ സംഭവമുണ്ടായത് എന്ന് ചൂണ്ടിക്കാട്ടി. ജനങ്ങള്‍ കയ്യടിക്കുകയും ചെയ്തു'
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ