കേരളത്തില്‍ കൊലനടത്തി ഗള്‍ഫിലേക്ക് കടന്നു; 17 വര്‍ഷത്തിന് ശേഷം പ്രതി പൊലീസ് വലയില്‍, പിടികൂടിയത് സൗദിയില്‍ നിന്ന്

കേരളത്തിലെ റിസോര്‍ട്ട് ഉടമയെ അടിച്ചുകൊന്ന് ഗള്‍ഫിലേക്ക് കടന്ന പ്രതി 17 വര്‍ഷത്തിന് ശേഷം സൗദി പൊലീസിന്റെ പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


റിയാദ്: കേരളത്തിലെ റിസോര്‍ട്ട് ഉടമയെ അടിച്ചുകൊന്ന് ഗള്‍ഫിലേക്ക് കടന്ന പ്രതി 17 വര്‍ഷത്തിന് ശേഷം സൗദി പൊലീസിന്റെ പിടിയില്‍. വയനാട് വൈത്തിരി ജങ്കിള്‍ പാര്‍ക്ക് റിസോര്‍ട്ട് ഉടമ ചേവായൂര്‍ വൃന്ദാവന്‍ കോളനിയിലെ അബ്ദുല്‍ കരീം വധക്കേസ് പ്രതി മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയെയാണ് ഖത്തര്‍-സൗദി അതിര്‍ത്തിയായ സല്‍വയില്‍ നിന്ന് പൊലീസ് പിടികൂടിയത്. നാല് മാസം മുമ്പ് അറസ്റ്റിലായി സൗദി ജയിലില്‍ കഴിയുന്ന ഇയാളെ ഏറ്റുവാങ്ങി നാട്ടിലെത്തിക്കാന്‍ കേരള പൊലീസ് റിയാദിലെത്തി.

പ്രതിയുമായി ശനിയാഴ്ച വൈകീട്ട് പൊലീസ് നാട്ടിലേക്ക് തിരിക്കും. 2006 ല്‍ നടന്ന കൊലപാതകത്തിന് ശേഷം പ്രതി ഗള്‍ഫിലേക്ക്  കടക്കുകയായിരുന്നു. ഖത്തറില്‍ ഒളിച്ചു കഴിയുകയായിരുന്നു എന്നാണ് വിവരം. പ്രതിക്കായി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ റോഡ് മാര്‍ഗം സൗദിയിലേക്ക് കടക്കാനെത്തിയ ഇയാളെ സല്‍വ അതിര്‍ത്തി പോസ്റ്റില്‍വെച്ച് സൗദി പൊലീസ് കസ്റ്റഡി യിലെടുക്കുകയായിരുന്നു. സല്‍വയിലെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയവഴി കേരള പൊലീസിനെ അറിയിച്ചു. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് എസ്പി കെകെ മൊയ്തീന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ ടി ബിനുകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അജിത് പ്രഭാകര്‍ എന്നിവര്‍ സൗദിയിലെത്തി പ്രതിയെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയായിരുന്നു. 

ദീര്‍ഘകാലം വിദേശത്ത് ഒളിച്ചുകഴിഞ്ഞ പ്രതി ഒരുതവണ നേപ്പാള്‍ വഴി നാട്ടില്‍ എത്തുകയും പിന്നീട് തിരിച്ചു പോവുകയും ചെയ്‌തെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിന് പിന്നാലെയാണ്? ഏതാനും വര്‍ഷം മുമ്പ് ഇന്റര്‍ പോളിന്റെ സഹായത്തോടെ ഗള്‍ഫില്‍ അന്വേഷണം ശക്തമാക്കിയത്. ഇടയ്ക്ക് നാട്ടിലെത്തിയപ്പോള്‍ ഇയാള്‍ കഞ്ചാവ് കേസിലും പ്രതിയായിരുന്നു. ആ കേസിലും പിടികിട്ടാപ്പുള്ളിയാണ്.

2006ല്‍ താമരശ്ശേരി ചുരത്തിലൂടെ ജീപ്പില്‍ യാത്രചെയ്യവെ അബ്ദുല്‍ കരീമിനെ ക്വട്ടേഷന്‍ സംഘം തടഞ്ഞുനിര്‍ത്തി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് നൂറാംതോട് ഭാഗത്ത് മൃതദേഹം ഉപേക്ഷിച്ചു. കരീമിന്റെ റിസോര്‍ട്ടിന്റെ നടത്തിപ്പ് ഏറ്റെടുത്ത തിരുവനന്തപുരം സ്വദേശി ബാബു വര്‍ഗീസായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്.

ബിസിനസിലെ തര്‍ക്കത്തെ തുടര്‍ന്ന് ഗുണ്ടകളുമായെത്തി ബാബു വര്‍ഗീസ് കരീമിനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് പൊലീസ് കേസാവുകയും ബാബു വര്‍ഗീസ് റിമാന്‍ഡിലാവുകയും ചെയ്തു. ഈ വിരോധത്തിലായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. കേസിലെ 11 പ്രതികളില്‍ ഒരാള്‍ മരണപ്പെട്ടു. രണ്ടു പേരെ വെറുതെ വിടുകയും ഏഴു പേരെ ശിക്ഷിക്കുകയും ചെയ്തു. അവശേഷിച്ച പ്രതിയാണിപ്പോള്‍ പിടിയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com