സാക്ഷികളായി മക്കൾ, ഷുക്കൂർ വക്കീലും ഷീനയും വീണ്ടും വിവാഹിതരായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2023 12:09 PM |
Last Updated: 08th March 2023 12:09 PM | A+A A- |

ഷുക്കൂർ വക്കീലും ഷീനയും വീണ്ടും വിവാഹിതരായി/ ചിത്രം ഫെയ്‌സ്‌ബുക്ക്
കാസർകോട്: മക്കളെ സാക്ഷിയാക്കി ലോക വനിതാ ദിനത്തിൽ നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂർ സർവകലാശല നിയമവകുപ്പ് മേധാവിയായ ഷീനയും വീണ്ടും വിവാഹിതരായി. ദാമ്പത്യത്തിന്റെ 28-ാം വർഷമാണ് ഇരുവരും സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരാകാൻ തീരുമാനിച്ചത്. രാവിലെ 10.15ന് ഹൊസ്ദുർഗ് സബ് രജിസ്ട്രാർ കാര്യാലയത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹ രജിസ്റ്ററിൽ സാക്ഷികളായി അഡ്വ സജീവനും സിപിഎം നേതാവായ വി വി രമേശും ഒപ്പുവെച്ചു.
മാതാപിതാക്കളുടെ രണ്ടാം വിവാഹത്തിൽ പങ്കെടുക്കാൻ മക്കളായ ഖദീജ ജാസ്മിൻ, ഫാത്തിമ ജെബിൻ, ഫാത്തിമ ജെസ എന്നിവരും എത്തിയിരുന്നു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ഷുക്കൂർ വക്കീൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് ഷുക്കൂർ. മുസ്‌ലിം മതാചാര പ്രകാരം ആദ്യം വിവാഹിതരായ ഇരുവരും പെൺമക്കളുടെ അവകാശസംരക്ഷണത്തിനായാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായത്.
മുസ്ലിം പിൻതുടർച്ചാ നിയമപ്രകാരം ആൺമക്കളുണ്ടെങ്കിലെ മുഴുവൻ സ്വത്തും കൈമാറാനാകൂ. ഷൂക്കൂറിനും ഷീനയ്ക്കും മൂന്ന് പെൺമക്കളായതിനാൽ സ്വത്തിന്റെ മൂന്നിൽ രണ്ട് ഓഹരി മാത്രമാണ് മക്കൾക്ക് കിട്ടുക. ഇയൊരു പ്രതിസന്ധി മറികടക്കാനാണ് സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും കല്യാണം കഴിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
75ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ