'മുഖ്യമന്ത്രി സൗഹൃദത്തിന്റെ പേരില്‍ എന്തെങ്കിലും ചെയ്യുമോയെന്ന് എനിക്കറിയില്ല', മരുമകന് കരാര്‍ ലഭിച്ചതില്‍ ദുരൂഹതയുണ്ടെങ്കില്‍ അന്വേഷിക്കണം: വൈക്കം വിശ്വന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2023 12:22 PM  |  

Last Updated: 08th March 2023 12:22 PM  |   A+A-   |  

vaikkom viswan

വൈക്കം വിശ്വന്‍ മാധ്യമങ്ങളോട്, സ്‌ക്രീന്‍ഷോട്ട്

 

കൊച്ചി:  ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കരാര്‍ മരുമകന് കിട്ടിയതിന് ശേഷമാണ് താന്‍ അറിഞ്ഞതെന്ന് സിപിഎം നേതാവ് വൈക്കം വിശ്വന്‍. മരുമകന്റെ കമ്പനിയിലോ കരാറിലോ ദുരൂഹതയുണ്ടെങ്കില്‍ പരിശോധിക്കണം. കുടുംബാംഗങ്ങള്‍ക്കായി ഒരു ഇടപെടലും താന്‍ ഇതുവരെ നടത്തിയിട്ടില്ലെന്നും വൈക്ക് വിശ്വന്‍ പറഞ്ഞു. ആരോപണത്തിന്റെ പേരില്‍ കേസ് കൊടുക്കാന്‍ മുന്‍ മേയര്‍ ടോണി ചമ്മിണി വെല്ലുവിളിക്കുകയാണ്. മുന്‍ മേയര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും വൈക്കം വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബ്രഹ്മപുരത്തെ ബയോ മൈനിങ് കരാര്‍ വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിക്ക് നല്‍കിയതിനെ ചൊല്ലി ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് പ്രതികരണം.

'മരുമകന് അങ്ങനെ കരാര്‍ കിട്ടിയിട്ടുണ്ടെങ്കില്‍, അതില്‍ ദുരൂഹത ഉണ്ടെങ്കില്‍ പരിഹരിക്കേണ്ടതാണ്. മരുമകന്‍ കരാര്‍ വാങ്ങിയ കാര്യമോ മറ്റു കാര്യങ്ങളോ എനിക്കറിയില്ല. പ്രവര്‍ത്തനം തുടങ്ങിയ ശേഷമാണ് ഇങ്ങനെ ഒരു പ്രവര്‍ത്തനം അവിടെ നടക്കുന്ന കാര്യം ഞാന്‍ അറിഞ്ഞത്. വെറെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യങ്ങള്‍ അന്വേഷിക്കട്ടെ. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് പ്രശ്‌നമില്ല.' - വൈക്ക് വിശ്വന്‍ പറഞ്ഞു.

72 വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് എന്റെ പൊതുപ്രവര്‍ത്തനം. അതിനിടെ ബന്ധുക്കള്‍ക്ക് സൗകര്യം ചെയ്ത് കൊടുത്ത ഒറ്റ സംഭവം പോലും ഉണ്ടായിട്ടില്ല. പക്ഷേ ഇപ്പോള്‍ ഇങ്ങനെ ഒരു ആരോപണം ഉയര്‍ന്നുവരുന്നു. ഇതിന് പിന്നില്‍ എന്താണ് എന്നും എനിക്ക് അറിയില്ല. പ്രായം കണക്കിലെടുത്ത് പൊതുപ്രവര്‍ത്തനരംഗത്ത് നിന്ന് ഞാന്‍ ഒഴിവായിരിക്കുകയാണ്.  ഞാന്‍ സജീവമായിരുന്ന കാലത്ത് ഒന്നും ചെയ്യാത്ത കാര്യം ഞാന്‍ ഇപ്പോള്‍ ചെയ്തു എന്ന തരത്തിലാണ് ആരോപണങ്ങള്‍ ഉയരുന്നത്.' - വൈക്കം വിശ്വന്‍ മറുപടി നല്‍കി.

'ഇവർ (സോണ്‍ട ഇന്‍ഫ്രാടെക്) മാത്രമല്ല അവിടെ കമ്പനി. ഇവരിപ്പോള്‍ വന്നതാണ്. ഇതിന് മുന്‍പ് കമ്പനികളും ഉണ്ട്. അവരൊന്നും ഒരു ടെണ്ടറും വെച്ചല്ല വന്നത്. ഇവര്‍ വന്നത് ടെണ്ടര്‍ വെച്ചാണ്. മുഖ്യമന്ത്രിയും ഞാനും തമ്മില്‍ സൗഹൃദത്തിലാണ്. വിദ്യാര്‍ത്ഥി കാലം മുതല്‍ പാര്‍ട്ടിയില്‍ അന്യോന്യം ഒരുമിച്ച് പ്രവര്‍ത്തിച്ചതാണ്. മുഖ്യമന്ത്രി സൗഹൃദത്തിന്റെ പേരില്‍ എന്തെങ്കിലും ചെയ്യുമോയെന്ന് എനിക്കറിയില്ല. എന്റെ കുടുംബാംഗങ്ങള്‍ക്കോ മക്കള്‍ക്കോ മക്കളുടെ ജോലിക്കോ ഒന്നിനും ഞാൻ മുഖ്യമന്ത്രിയോട് യാതൊരു ആവശ്യവും ഉന്നയിച്ചിട്ടില്ല. അദ്ദേഹത്തിന് എന്റെ മക്കളെ അറിയുമായിരിക്കും. അവരുടെയൊക്കെ കുടുംബ കാര്യങ്ങള്‍ അറിയുമോയെന്ന് അറിയില്ല.' - വൈക്കം വിശ്വന്‍ പറഞ്ഞു.

ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത് രാഷ്ട്രീയമായ ആരോപണമാണ്. അല്ലെങ്കില്‍ പിന്നെ തന്നെ വലിച്ചിഴക്കേണ്ടതില്ലല്ലോ. കോടിക്കണക്കിന് രൂപയുടെ ബിസിനസാണെന്ന് കേള്‍ക്കുന്നു. മകളോട് ചോദിച്ചു. ജോലി ചെയ്തതിന്റെ പകുതി പൈസ പോലും കൊടുത്തിട്ടില്ല. സെക്യൂരിറ്റി വെക്കാത്തത് കൊണ്ട് പണം കൊടുത്തിട്ടില്ലെന്നാണ് മേയര്‍ പറയുന്നത്. കെഎസ്‌ഐഡിസി വഴിയാണ് ടെണ്ടര്‍ വിളിച്ചത്. അതിലൂടെയാണ് മരുമകന്റെ കമ്പനി കരാര്‍ എടുത്തതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ആളുകള്‍ വ്യാപകമായി തലചുറ്റി വീഴുന്നു''; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് വിഡി സതീശന്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ