ബ്രഹ്മപുരം നിയന്ത്രണ വിധേയമായി, നിരീക്ഷിക്കാൻ പട്രോളിം​ഗും കാമറ ഘടിപ്പിച്ച ഡ്രോണുകളും; ഇന്ന് മുതൽ മൊബൈൽ പരിശോധന

തീ അണച്ച കൂനകളിൽ പുക ഉയരുന്നുണ്ടെങ്കിൽ കണ്ടെത്താൻ പട്രോളിംഗ് സംഘം രംഗത്തുണ്ട്. മാലിന്യക്കൂനയിലെ കനലുകൾ കണ്ടെത്തുന്നതിന് തെർമൽ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കും
എക്സ്പ്രസ് ചിത്രം
എക്സ്പ്രസ് ചിത്രം

കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയും ഏറെക്കുറെ പൂർണമായി നിയന്ത്രണ വിധേയമായെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഏഴ് സെക്ടറുകളായി തിരിച്ച പ്ലാന്റ് പ്രദേശത്ത് ഇന്നലത്തെ പ്രവർത്തനങ്ങൾക്കൊടുവിൽ എല്ലാ സെക്റ്ററുകളിലെയും തീയും പുകയും ഏറെക്കുറെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. പുക നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്നും ഉദ്യമം അവസാനിപ്പിക്കാമെന്നുമാണ് പ്രതീക്ഷയെന്ന് കളക്ടർ പറഞ്ഞു.

തീ അണഞ്ഞ ഭാഗങ്ങളിൽ വീണ്ടും തീയും പുകയും വമിക്കാനുള്ള സാധ്യതയുള്ളതിനാൽ നിരന്തര നിരീക്ഷണം നടത്തും. തീ അണച്ച കൂനകളിൽ ചെറിയ രീതിയിൽ പോലും പുക ഉയരുന്നുണ്ടെങ്കിൽ കണ്ടെത്താൻ പട്രോളിംഗ് സംഘം രംഗത്തുണ്ട്. കൂടാതെ മാലിന്യക്കൂനയിലെ കനലുകൾ കണ്ടെത്തുന്നതിന് തെർമൽ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കും, കളക്ടർ പറഞ്ഞു. 

പുകയുടെ തോതിലുണ്ടായ ഗണ്യമായ കുറവ് വായു ഗുണ നിലവാര സൂചികയിലും പ്രതിഫലിച്ചിട്ടുണ്ട്.  കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വായുവിൻ്റെ ഗുണനിലവാരം വലിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്താനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഇന്ന് മുതൽ പ്രവർത്തിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീൽഡ് തലത്തിൽ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജമാക്കുന്നത്. 

ഇന്ന് മൊബൈൽ മെഡിക്കൽ യൂണിറ്റ് എത്തുന്ന സ്ഥലങ്ങളും സമയവും

രാവിലെ 9.30 മുതൽ 11 വരെ - ചമ്പക്കര എസ്.എൻ.ഡി.പി. ഹാൾ, വെണ്ണല അർബൻ പിഎച്ച്സി 
രാവിലെ 11 മുതൽ 12.30 വരെ -  വൈറ്റില കണിയാമ്പുഴ ഭാഗം
ഉച്ചയ്ക്ക് 12.30 മുതൽ 2 വരെ -  തമ്മനം കിസാൻ കോളനി
ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ - എറണാകുളം പി ആന്റ് ടി കോളനി
ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ  - പൊന്നുരുന്നി അർബൻ പിഎച്ച്സിക്ക് സമീപം
വൈകുന്നേരം 3 മുതൽ 4.30 വരെ -  ഉദയ കോളനി

സമീപപ്രദേശങ്ങളിൽഇന്ന് മുതൽ മൂന്ന് ദിവസം കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 13-03-23(തിങ്കൾ), 14-03-23(ചൊവ്വ), 15-03-23(ബുധൻ) ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലാണ് അവധി ബാധകം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com