പതിനൊന്ന് ശ്വാസ് ക്ലിനിക്കുകള്‍; 1567 ആളുകളുടെ ഡാറ്റ ശേഖരിച്ചു; കൊച്ചിയില്‍ ആരോഗ്യ സര്‍വേ തുടങ്ങി
By സമകാലികമലയാളം ഡെസ്ക് | Published: 14th March 2023 05:34 PM |
Last Updated: 14th March 2023 06:16 PM | A+A A- |

വീണാ ജോര്‍ജ് മാധ്യമങ്ങളോട്, സ്‌ക്രീന്‍ഷോട്ട്
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സര്‍വേ ആരംഭിച്ചു. ആറ് മൊബൈല്‍ യൂണിറ്റുകളും പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നെബുലൈസേഷന്‍, ഇസിജി സംവിധാനങ്ങള്‍ അടക്കം മൊബൈല്‍ യൂണിറ്റിലുണ്ട്. കണ്ണ് പുകയല്‍, ശ്വാസം മുട്ടല്‍, തൊണ്ടയില്‍ ബുദ്ധിമുട്ട്, തൊലിപ്പുറത്തെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് പൊതുതായി പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പിനോടു നിര്‍ദേശം നല്‍കി.
തിങ്കളാഴ്ച വൈകുന്നേരം വരെ 1,249 പേരാണ് വിവിധ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും മൊബൈല്‍ ക്ലിനിക്കുകളിലുമായി സേവനം തേടിയെത്തിയത്. 11 ശ്വാസ് ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. 11 പേര്‍ ഇന്ന് ശ്വാസ് ക്ലിനിക്കുകളിലെത്തി പരിശോധന നടത്തി. ആറ് മൊബൈല്‍ യൂനിറ്റുകളുടെ സേവനവും ലഭ്യമാക്കി. മാത്രമല്ല, കാക്കനാട്ട് സ്‌പെഷ്യാലിറ്റി സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളജിലെയും ആലപ്പുഴ മെഡിക്കല്‍ കോളജിലെയും ഡോക്ടര്‍മാരുടെ സംഘം എല്ലാ സജ്ജീകരണങ്ങളോടെയും സേവനം നല്‍കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിട്ട് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്താതിരിക്കുന്നവരെ കണ്ടെത്തുന്നതിനും പരിശോധനകള്‍ നടത്തുന്നതിനും പ്രവര്‍ത്തനം നടത്തുന്നുണ്ട്.
സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലെ മെഡിസിന്‍, പള്‍മണോളജി, ഓഫ്താല്‍മോളജി, പിഡിയാട്രിക്, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. എക്സ്റേ, അള്‍ട്രാസൗണ്ട് സ്‌കാനിങ്, എക്കോ, കാഴ്ചപരിശോധന എന്നീ സേവനങ്ങള്‍ ലഭ്യമാകും.
ഇതിനു പുറമെ, എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകളും പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും കയറി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തും. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചേര്‍ക്കുക. ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ പരിശോധിക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും വേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സ്വപ്‌നയുടെ പരാതിയില്‍ കേസ്; കര്‍ണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് വിജേഷ് പിള്ള
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ