'സ്വർണ വായ്പയിൽ വൈദ്യുതി എത്തി'; ജനകീയ ഹോട്ടൽ വീണ്ടും തുറന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2023 08:13 AM  |  

Last Updated: 15th March 2023 08:13 AM  |   A+A-   |  

food

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മകളുടെ വിവാഹത്തിനായി പണയം വച്ച മാല തന്നെ വീണ്ടും ഈടായി നൽകി ബാങ്ക് വായ്പ തരപ്പെടുത്തിയതോടെ, കുടുംബശ്രീ ജനകീയ ഹോട്ടൽ വീണ്ടും തുറന്നു. ഹോട്ടലിന്റെ സെക്രട്ടറിയായ എസ് ശ്രീദേവിയാണ് മകളുടെ വിവാഹത്തിനായി പണയം വെച്ച മാല തന്നെ വീണ്ടും ഈടായി നൽകി വായ്പ തരപ്പെടുത്തിയത്. ഇതോടെ എട്ടു മാസമായി സർക്കാർ സബ്സിഡി നൽകാത്തതിനാൽ വൈദ്യുതി ബില്ല് അടയ്ക്കാനും ജോലി ചെയ്യുന്നവർക്ക് വേതനം നൽകാനും കഴിയാതെ പ്രതിസന്ധിയിലായ തിരുവനന്തപുരം എസ്എംവി സ്കൂളിന് എതിർവശത്തെ ജനകീയ ഹോട്ടൽ തിങ്കളാഴ്ച മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയായിരുന്നു.

ശ്രീദേവിക്ക് വായ്പയായി കിട്ടിയ തുക കൊണ്ട് വൈദ്യുതി കുടിശിക അടച്ചതോടെയാണ് കുടുംബശ്രീ ജനകീയ ഹോട്ടൽ വീണ്ടും തുറന്നത്. 
ഹോട്ടലിൽ നിന്നു വേതനം ലഭിക്കാതെ വന്നതോടെയാണ്  മകളുടെ വിവാഹത്തിനായി തന്റെ അമ്മയുടെ മാല വാങ്ങി ശ്രീദേവി പണയം വച്ചത്. കോർപറേഷനും സർക്കാരും ഹോട്ടൽ തുറന്നുപ്രവർത്തിക്കുന്നതിന് സഹായവുമായി എത്താതിരുന്നതോടെ, ബാങ്കിലിരിക്കുന്ന സ്വർണത്തിന്മേൽ വീണ്ടും 10000 രൂപ കൂടി ശ്രീദേവി ആവശ്യപ്പെടുകയായിരുന്നു.

ജനകീയ ഹോട്ടലിനൊപ്പം പ്രവർത്തിക്കുന്ന കുടുംബശ്രീ ബസാർ വൈദ്യുതി നിരക്കിന്റെ വിഹിതമായ 3200 രൂപ നൽകി. അങ്ങനെ ആകെ 13207 രൂപ കുടിശിക അടച്ചതോടെയാണ് കെഎസ്ഇബി ഹോട്ടലിന്റെ വൈദ്യുതി പുനഃസ്ഥാപിച്ചത്. എന്നെങ്കിലും സർക്കാർ സബ്സിഡി അനുവദിക്കുകയും വേതനം ലഭിക്കുകയും ചെയ്താൽ എല്ലാ ജീവനക്കാരും കൂടി 10,000 രൂപയും പലിശയും ശ്രീദേവിക്കു തിരികെ നൽകാനാണു തീരുമാനമെന്നു പ്രസിഡന്റ് കെ സരോജം പറഞ്ഞു.

 ജനുവരി, ഫെബ്രുവരി മാസം മാത്രം  സർക്കാർ സബ്സിഡി ഇനത്തിൽ 4 ലക്ഷത്തോളം  രൂപയാണ് നൽകാനുള്ളത്. 8 മാസത്തെ കുടിശികയായി ആകെ 13 ലക്ഷത്തിലധികം രൂപ കിട്ടാനുണ്ടെന്നും കുടുംബശ്രീ അം​ഗങ്ങൾ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'പാവപ്പെട്ടവര്‍ക്ക് വേണ്ടി നില്‍ക്കുമ്പോള്‍ പല ആരോപണങ്ങളും ഉയരും; പേടിച്ചോടുന്നവനല്ല ഞാന്‍'; സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളി എം എ യൂസഫലി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ