'ഇതാ ചുവന്ന കളര്‍ വന്നേ, ആസിഡ് മഴ പെയ്‌തേ എന്നു വിളിച്ചു കൂവുന്നത് തല്ലുകൊള്ളിത്തരം ആണ്'
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th March 2023 12:44 PM |
Last Updated: 16th March 2023 12:44 PM | A+A A- |

കൊച്ചിയില്‍ ഇന്നലെ രാത്രി വേനല്‍മഴ എത്തിയപ്പോള്‍/ടിപി സൂരജ്
ബ്രഹ്മപുരം തീപിടിത്തത്തിനു ശേഷം കൊച്ചിയില്‍ ആദ്യം പെയ്ത മഴയില്‍ ആസിഡ് സാന്നിധ്യമുണ്ടെന്ന വിവരത്തിന് വലിയ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചത്. ശാസ്ത്ര വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്ന രാജഗോപാല്‍ കമ്മത്ത് ആണ്, ലിറ്റ്മസ് ടെസ്റ്റിന്റെ ചിത്രം സഹിതം ഈ വിവരം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ഇതു മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ കുറച്ചുപേരെങ്കിലും പരിഭ്രാന്തരായി. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടവയ്ക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രചാരണത്തെ വിമര്‍ശിക്കുന്നതിനൊപ്പം മഴവെള്ളത്തിന്റെ ശാസ്ത്രത്തെ വിശദീകരിക്കുകയാണ്, ഡോ. ഷാനവാസ് എആര്‍ ഈ കുറിപ്പില്‍.
ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍നിന്ന്:
തീര്‍ത്തും ശുദ്ധമായ അല്ലെങ്കില്‍ മലിനീകരിക്കപ്പെടാത്ത മഴ വെള്ളത്തിന്റെ pH അസിഡിക് ആണ്. കാരണം കാര്‍ബണ്‍ ഡൈ ഓക്‌സൈഡും വായുവിലെ വെള്ളവും ഒരുമിച്ച് പ്രതിപ്രവര്‍ത്തിച്ച് കാര്‍ബോണിക് ആസിഡായി പ്രവര്‍ത്തിക്കുന്നു. മിക്കവാറും ഇതിന്റെ PH 5.5 ന് അടുപ്പിച്ച് ആയിരിക്കും.
(pH വാല്യൂ 7 ന് താഴെ ആയാല്‍ ആസിഡിക്കും 7 ന് മുകളില്‍ ആയാല്‍ ബേസികുമാണ് എന്നത് അടിസ്ഥാന അറിവ് ആണല്ലോ ).
ഇനി ഒന്ന് കൂടി...
ശുദ്ധമായ അല്ലെങ്കില്‍ മലിനീകരിക്കപ്പെടാത്ത മഴയില്‍ അതിന്റെ അസിഡിറ്റി ലെവലിനെ ബാധിക്കുന്ന മറ്റ് ചില കാര്യങ്ങള്‍ കൂടി ഉണ്ടാകാം. ഇടിയും മിന്നലും പോലെ അന്തരീക്ഷത്തില്‍ വൈദ്യുത ഡിസ്ചാര്‍ജ് ഉണ്ടാക്കുന്നവ നൈട്രിക് ആസിഡ് ഉണ്ടാക്കുമ്പോള്‍ മലിനീകരിക്കപ്പെടാത്ത സാധാരണ മഴ വെള്ളത്തിന്റെ pH 5 നും താഴേക്ക് പോകും.
പറഞ്ഞു വന്നത് എന്തെന്നാല്‍ തീര്‍ത്തും ശുദ്ധമായ അല്ലെങ്കില്‍ ഒട്ടും തന്നെ മലിനീകരിക്കപ്പെടാത്ത സാധാരണ മഴ വെള്ളം എടുത്തു ലിറ്റ്മസ് പേപ്പര്‍ കൊണ്ട് ആ വെള്ളത്തില്‍ മുക്കിയിട്ട് നോക്കിയാലും pH അസിഡിക് ആയിരിക്കും എന്നതാണ്. അതായത് മഴ വെള്ളം പൊതുവെ തന്നെ അസിഡിക് ആയിരിക്കുമെന്ന് ചുരുക്കം.
? തീപിടുത്തത്തിന്റെ ഭാഗമായി ഉദ്വമിക്കുന്ന സള്‍ഫര്‍ ഡയോക്‌സൈഡും നൈട്രജന്‍ ഓക്‌സൈഡും പുറത്ത് പോകാതെ അന്തരീക്ഷത്തില്‍ തങ്ങി നിന്നാല്‍, ഇത് അന്തരീക്ഷത്തിലെ ജല തന്മാത്രകളുമായി പ്രതിപ്രവര്‍ത്തിച്ച് സ്‌ട്രോങ്ങ് ആസിഡുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു . ഇതിനെയാണ് മനുഷ്യന് ഹാനികരം ആയ ആസിഡ് മഴ എന്ന് പറയുന്നത്. ഇതിന്റെ PH എന്നത് 4 ല്‍ താഴെ ആയിരിക്കുകയും ചെയ്യും .
അതായത് മഴ പെയ്ത ഉടനെ ഒരു പാത്രത്തില്‍ മഴ വെള്ളം ശേഖരിച്ചിട്ട് ഒരു ലിറ്റ്മസ് പേപ്പര്‍ കൊണ്ട് ആ വെള്ളത്തില്‍ മുക്കിയിട്ട് ഇതാ ചുവന്ന കളര്‍ വന്നേ, ആസിഡ് മഴ പെയ്‌തേന്ന് വിളിച്ചു കൂവുന്നത് തല്ല് കൊള്ളിത്തരം ആണ് എന്ന്.
നിര്‍ഭാഗ്യവശാല്‍ അതാണ് ഇപ്പോള്‍ ഇവിടത്തെ മുന്‍ നിര മാധ്യമങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
'ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്തു, പിന്നാലെ വന്നയാള്‍ ഭംഗിയായി പൂര്‍ത്തിയാക്കി'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ