'ബിജെപിയില്‍നിന്ന് ഒരാളും ഇങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല'; ബിഡിജെഎസില്‍ അമര്‍ഷം; മുന്നണി വിടുമെന്ന് ഭീഷണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2023 10:32 AM  |  

Last Updated: 17th March 2023 10:32 AM  |   A+A-   |  

Thushar_Vellapally

തുഷാര്‍ വെള്ളാപ്പള്ളി ബിജെപി നേതാക്കളായ കെ സുരേന്ദ്രനും പികെ കൃഷ്ണദാസിനും ഒപ്പം/ഫയല്‍

 

കൊച്ചി: എന്‍ഡിഎയിലെ രണ്ടാമത്തെ കക്ഷിയായ ബിഡിജെഎസിന്റെ സംസ്ഥാന പഠന ക്യാംപിനെ മുന്നണിയെ നയിക്കുന്ന ബിജെപിയുടെ നേതാക്കള്‍ അവഗണിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം. നിരവധി പേരെ ക്ഷണിച്ചിരുന്നെങ്കിലും ഒരു ബിജെപി നേതാവു പോലും എറണാകുളത്ത് സംഘടിപ്പിച്ച ക്യാംപിനെത്തിയില്ല. ഇതിങ്ങനെ മുന്നോട്ടുപോവാനാവില്ലെന്നും  എന്‍ഡിഎ വിടുന്നതിനെക്കുറിച്ച ആലോചിക്കുകയാണെന്നും ബിഡിജെഎസ് നേതാക്കള്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ബിജെപി തൃശൂരില്‍ സംഘടിപ്പിച്ച ജനശക്തി റാലിയില്‍ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുത്തിരുന്നു. എന്നാല്‍ ബിഡിജെഎസിന്റെ ക്യംപിലേക്ക് ഒരു ബിജെപി നേതാവു പോലും തിരിഞ്ഞുനോക്കിയില്ലെന്ന് നേതാക്കള്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു പാര്‍ട്ടിയെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാംപ് സംഘടിപ്പിച്ചതെന്നും അവര്‍ പറഞ്ഞു.

ബിജെപി സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ്, കേന്ദ്രമന്ത്രി വി മുരളീധരന്‍, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ഉപാധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണന്‍ എന്നിവരെ ക്യാംപിലേക്കു ക്ഷണിച്ചിരുന്നു. ഒരാളു പോലും വന്നില്ല. ഇതു പാര്‍ട്ടിയെ അപമാനിക്കലാണെന്ന് ബിഡിജെഎസ് നേതാക്കള്‍ പറഞ്ഞു.

തൃശൂര്‍, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ എന്‍ഡിഎയുടെ വോട്ടു വിഹിതം കൂടാന്‍ ബിഡിജെഎസിന്റെ സാന്നിധ്യമാണെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ ബിജെപി ഇത് അംഗീകരിക്കാന്‍ തയാറാവുന്നില്ല. മുന്നണിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും അവര്‍ ഒരുക്കമല്ല. ബിഡിജെഎസിന്റെ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ ബിജെപിയുടെ ഈ നിലപാടിനെ കടുത്ത വിമര്‍ശനം ഉയര്‍ന്നെന്നു നേതാക്കള്‍ വെളിപ്പെടുത്തി. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതു വരെ ബിജെപിയുമായി സഹകരിക്കേണ്ടെന്നാണ് തീരുമാനം. ബിജെപിക്കു താത്പര്യമില്ലെങ്കില്‍ പിരിയാന്‍ തയാറെന്നും ബിഡിജെഎസ് നേതാക്കള്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'അത് വ്യാജ വാർത്ത, മോദിയെ സമാധാന നോബേൽ പുരസ്കാരത്തിന് പരി​ഗണക്കുന്നതായി പറഞ്ഞിട്ടില്ല'; വ്യക്തമാക്കി സമിതി ഉപമേധാവി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ