വ്യാജ ടിടിഇയായി വിലസി; യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കി; എസി കോച്ചില്‍ വിശ്രമം; മലബാര്‍ എക്‌സ്പ്രസില്‍ റെയില്‍വേ കാറ്ററിങ് ജീവനക്കാരന്‍ അറസ്റ്റില്‍

By സമകാലികമലയാളം ഡെസ്ക്  |   Published: 18th March 2023 11:15 AM  |  

Last Updated: 18th March 2023 11:15 AM  |   A+A-   |  

Youth impersonates as TTE, collects fine from passengers o

പ്രതീകാത്മക ചിത്രം

 


കൊച്ചി: ടിടിഇ ആയി ചമഞ്ഞ് മദ്യലഹരിയില്‍ യാത്രക്കാരില്‍നിന്നു പിഴ ഈടാക്കിയ റെയില്‍വേ കാറ്ററിങ് ജീവനക്കാരന്‍ പിടിയില്‍. മലബാര്‍ എക്‌സ്പ്രസില്‍ തൃശൂരിനും ആലുവയ്ക്കും ഇടയില്‍ വച്ചായിരുന്നു യാത്രക്കാരില്‍ നിന്ന് ഇയാള്‍ പിഴ ഈടാക്കിയത്. ആലുവയില്‍ വച്ച് ഇയാള്‍ യഥാര്‍ഥ ടിടിഇ ഗിരീഷ് കുമാറിന്റെ പിടിയിലാവുകയായിരുന്നു. ഇയാളെ പൊലീസിനു കൈമാറി.

കൊയിലാണ്ടി മൂടാടി സ്വദേശി ഫൈസലിനെയാണ് എറണാകുളം റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി റെയില്‍വേ പൊലീസ് അറിയിച്ചു. പ്രതി റെയില്‍വേ കാറ്ററിങ് സര്‍വീസിലെ ജീവനക്കാരനാണെന്നും റെയില്‍വേ പൊലീസ് പറഞ്ഞു.

തിരുവനന്തപുരം ഡിവിഷന്‍ കാറ്ററിങ് സര്‍വീസിന്റെ ടാഗ് ധരിച്ച ഇയാള്‍ ട്രെയിന്‍ തൃശൂരിലെത്തിയപ്പോഴാണ് സ്ലീപ്പര്‍ കോച്ചില്‍ കയറിയത്. കോച്ചില്‍ ടിടിഇ ആയി ചമഞ്ഞ് ഇയാള്‍ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചു. റിസര്‍വേഷന്‍ ടിക്കറ്റില്ലാതെ സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്ത മൂന്നുപേരെ പിടികൂടുകയും  ഇവരില്‍ നിന്ന് നൂറ് രൂപ പിഴ ഈടാക്കുകയും ചെയ്തു. രസീത് നല്‍കുന്നതിന് പകരം അവരുടെ ടിക്കറ്റുകളില്‍ തുക എഴുതി ഒപ്പിട്ടുനല്‍കുകയായിരുന്നു.

ടിക്കറ്റ് പരിശോധനയ്ക്ക് ശേഷം ഫൈസല്‍ എസി കോച്ചില്‍ കയറി വിശ്രമിക്കുന്നതിനിടെയാണ് യഥാര്‍ഥ ടിടിഇയുടെ പിടിയിലാകുന്നത്. അതോടെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തതിന് പിഴ ഈടാക്കിയ കാര്യം മറ്റ് യാത്രക്കാര്‍ ടിടിഇയെ അറിയിച്ചു. യാത്രക്കാരുടെ സഹായത്തോടെ പ്രതിയെ റെയില്‍വേ പൊലീസില്‍ ഏല്‍പ്പിച്ചു. തിരുവനന്തപും ഡിവിഷന്‍ എന്ന ടാഗ് ധരിച്ചതിനാല്‍ അദ്ദേഹം ടിടിഇ ആണെന്നാണ് യാത്രക്കാര്‍ കരുതിയത്. നേരത്തെ യുവാവ്  ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയ സാഹചര്യത്തില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഓഫിസ് കംപ്യൂട്ടറിൽ പാട്ടുകേൾക്കലും സിനിമ കാണലും വേണ്ട; എക്സൈസ് കമ്മിഷണർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ