കര്‍ഷകരെ വഞ്ചിച്ചവരാണ് ബിജെപിക്കാര്‍; ബിഷപ്പിന്റെ പ്രസ്താവന അനുചിതം : എം വി ജയരാജന്‍

By സമകാലിക മലയാളം ഡെസ്ക്  |   Published: 19th March 2023 05:43 PM  |  

Last Updated: 19th March 2023 05:43 PM  |   A+A-   |  

mv_jayarajan

എം വി ജയരാജന്‍/ ഫയല്‍

 

കണ്ണൂര്‍: തലശ്ശേരി ബിഷപ്പ് ജോസഫ് പ്ലാംപാനിയുടെ ബിജെപി അനുകൂല പ്രസ്താവനയെ വിമര്‍ശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ബിഷപ്പിന്റെ പ്രസ്താവന അനുചിതമാണ്. കര്‍ഷകരെ വഞ്ചിച്ചവരാണ് ബിജെപിക്കാര്‍. ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ വൈദികരില്‍ നിന്നു തന്നെ എതിര്‍പ്പുണ്ട്. തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവന ആരെ സഹായിക്കാനാണെന്നും എം വി ജയരാജന്‍ ചോദിച്ചു. 

ഇറക്കുമതിക്ക് യഥേഷ്ടം അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് റബര്‍ വില കുറഞ്ഞത്. ഈ യാഥാര്‍ത്ഥ്യം ബിഷപ്പ് മനസ്സിലാക്കുന്നില്ല. ബിഷപ്പ് പ്ലാംപാനിയുടെ പ്രസ്താവന കുടിയേറ്റ ജനത തള്ളിക്കളയുമെന്നും എം വി ജയരാജന്‍ പറഞ്ഞു. 

തലശ്ശേരി ബിഷപ്പ് ജോസഫ് പ്ലാംപാനിയെ വിമര്‍ശിച്ച് മന്ത്രി എം ബി രാജേഷും രംഗത്തെത്തിയിരുന്നു. ബിജെപിയെ വെള്ളപൂശാന്‍ ആരും ശ്രമിക്കേണ്ട. കുറുക്കന്‍ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ക്രൈസ്തവര്‍ക്ക് അറിയാം. പുള്ളിപ്പുലിയുടെ പുള്ളി എത്ര തേച്ചാലും മായ്ച്ചാലും പോകില്ല. ആര്‍എസ്എസ് വിചാരധാരയില്‍ ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകളും ശത്രുക്കളാണെന്നും എം ബി രാജേഷ് പറഞ്ഞു.

അതേസമയം ബിഷപ്പ് പ്ലാംപാനിയെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി രംഗത്തെത്തി. വിലയിടിവിന് കാരണക്കാരായ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതികരണമാണ് ബിഷപ്പ് പ്ലാംപാനി നടത്തിയത്. കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന നയങ്ങള്‍ തിരുത്തണമെന്നാണ് ബിഷപ്പ് ആവശ്യപ്പെട്ടതെന്നും ജോസ് കെ മാണി പറഞ്ഞു.

സഭയും കേരള കോണ്‍ഗ്രസുമെല്ലാം കര്‍ഷകരെ സംരക്ഷിക്കാനാണ് നോക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഈ നയങ്ങള്‍ ചര്‍ച്ചയാകും. സഭയ്ക്ക് ഒരു രാഷ്ട്രീയവും ഇല്ലെന്നും ജോസ് കെ മാണി പറഞ്ഞു. ഏത് തുറുപ്പുചീട്ട് ഇറക്കിയാലും ബിജെപി ആഗ്രഹിക്കുന്നത് കേരളത്തില്‍ നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കേരളത്തിന് അത്താണി മോദി സര്‍ക്കാര്‍ മാത്രം; ബിഷപ്പ് പ്രകടിപ്പിച്ചത് ജനങ്ങളുടെ വികാരം; ഇത് മാറ്റത്തിന്റെ സൂചന; കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ