"ഞാൻ കേരളത്തിന്റെ മകളാണ്, ഗുജറാത്തിനേക്കാൾ സ്നേഹം കിട്ടുന്നത് ഇവിടെ": മല്ലിക സാരാഭായ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th March 2023 12:34 PM |
Last Updated: 19th March 2023 12:34 PM | A+A A- |

മല്ലിക സാരാഭായ്/ ഫോട്ടോ: ടി പി സൂരജ്
ഗുജറാത്തിനേക്കാൾ സ്നേഹം ലഭിക്കുന്നത് കേരളത്തിൽ നിന്നാണെന്ന് മല്ലിക സാരാഭായ്. "ഞാൻ കേരളത്തിന്റെ മകളാണെന്ന് എനിക്ക് തോന്നും. താമസിക്കുന്ന ഗുജറാത്തിനേക്കാൾ സ്നേഹം ലഭിക്കുന്നത് ഇവിടെ നിന്നാണ്", ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ 'എക്സ്പ്രസ് ഡയലോഗ്സി'ൽ മല്ലിക പറഞ്ഞു.
പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ അംഗമായ പ്രശസ്ത ക്ലാസിക്കൽ നർത്തകി മൃണാളിനി സാരാഭായിയുടെയും പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്‍ഞനായിരുന്ന വിക്രം സാരാഭായിയുടെയും മകളാണ് മല്ലിക സാരാഭായ്. "ഞാൻ ശരിക്കും മലയാളിയാണ്. എനിക്ക് ഗുജറാത്തി ഭക്ഷണം ഇഷ്ടമല്ല. എനിക്ക് ബിസിനസ്സിലോ ഷെയർ മാർക്കറ്റിലോ താത്പര്യമില്ല. ധാരാളം പണം സമ്പാദിക്കണമെന്നില്ല. എന്റെ അച്ഛന്റെ ഡിഎൻഎയും അങ്ങനെയായിരുന്നില്ല", മല്ലിക പറഞ്ഞു.
ചെറുപ്പത്തിൽ അച്ഛനാണ് നോക്കിയിരുന്നത് എന്നാലും താനൊരു അമ്മക്കുട്ടിയാണെന്ന് മല്ലിക പറഞ്ഞു."അമ്മ അപ്പോൾ വളരെ പ്രശസ്തയായ നർത്തകിയാണ്. എനിക്ക് 12 വയസ്സാകുന്നത് വരെ അവരിൽ ഒരാൾ എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു, അത് പലപ്പോഴും അച്ഛനായിരുന്നു. ഞാൻ ശരിക്കുമൊരു അമ്മക്കുട്ടിയാണ്. അടുത്തില്ലാത്ത ദിവസങ്ങളിലെല്ലാം അമ്മ എനിക്കായി ഒരു കത്തെഴുതി വയ്ക്കും. കത്തുകളെല്ലാം നാനിയെ ഏൽപ്പിച്ചിട്ടാണ് പോകുക. എന്നും രാവിലെ അതിൽ ഓരോന്ന് എനിക്ക് തരും",മല്ലിക പറഞ്ഞു.
മോശം അഭിപ്രായങ്ങൾ നേരിടാനും മല്ലികയ്ക്ക് സ്വന്തമായി വഴികളുണ്ട്. "എന്റെ നൃത്തത്തെക്കുറിച്ച് ആദ്യമായി ഒരു മോശം റിവ്യു വന്നപ്പോൾ ഞാൻ അത് വെട്ടിയെടുത്ത് അതുവച്ചൊരു കടലാസ് തോണിയുണ്ടാക്കി. ബാത്ത്ടബ്ബ് നിറയെ വെള്ളം എടുത്ത് തോണി അതിൽ മുക്കി. അന്നെനിക്ക് 18 വയസാണ്. ഇന്നും ആരെങ്കിലും എന്നെക്കുറിച്ച് ഭീകരമായി അല്ലെങ്കിൽ തെറ്റായി എന്തെങ്കിലും എഴുതിയാൽ ഞാനത് എന്റെ മനസ്സിൽ നിന്ന് മുക്കികളയും. ശത്രുത നിറഞ്ഞ ഈ ലോകത്തെ കൈകാര്യം ചെയ്യാനുള്ള എന്റെ വഴികൾ ഇതൊക്കെയാണ്",അവർ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ