മുഖ്യമന്ത്രിക്ക് എതിരായ കേസ്: വിധി പറയാന്‍ ലോകായുക്തയ്ക്ക് നിര്‍ദേശം നല്‍കണം; ഹൈക്കോടതിയില്‍ ഹര്‍ജി

മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയില്‍ ഫയല്‍ ചെയ്ത പരാതിയില്‍ വിധി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍

കൊച്ചി: ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും പ്രതികളാക്കി ലോകായുക്തയില്‍ ഫയല്‍ ചെയ്ത പരാതിയില്‍ വിധി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. വാദം പൂര്‍ത്തിയായി ഒരു വര്‍ഷമായിട്ടും വിധി പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്നാണ് കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍എസ് ശശികുമാര്‍ ലോകായുക്ത റജിസ്റ്റാറെ എതിര്‍കക്ഷിയാക്കി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം മുഖേന ഹര്‍ജി ഫയല്‍ ചെയ്തത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.

2022 ഫെബ്രുവരി 5ന് ലോകായുക്തയില്‍ വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിരുന്നു. ഹര്‍ജിയിന്മേലുള്ള വാദത്തിനിടെ ലോകായുക്ത നിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയിലാണ് കെടി ജലീലിനു മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടിവന്നത്. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പു വയ്ക്കാന്‍ വിസമ്മതിച്ചതോടെ പതിനാലാം വകുപ്പ് പുനഃസ്ഥാപിക്കപ്പെട്ടു. ഇപ്പോള്‍ പഴയ നിയമമാണ് പ്രാബല്യത്തിലുള്ളത്. ആറു മാസത്തിനുള്ളില്‍ ഹര്‍ജിയില്‍ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാന്‍ ലോകായുക്ത തയാറായിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 

ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതിനെ ഹര്‍ജിക്കാരന്‍ എതിര്‍ത്തു. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപ നല്‍കിയത് ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താന്‍ സാധ്യമാണെന്നു വ്യക്തമാക്കുന്നതാണ് ലോകായുക്തയുടെ 14ാം വകുപ്പ്. ലോകായുക്തയുടെ നിഗമനങ്ങള്‍ റിപ്പോര്‍ട്ടാക്കി ബന്ധപ്പെട്ട അധികാരിക്കു കൈമാറിയാല്‍ മൂന്നു മാസത്തിനകം നടപടിയെടുത്ത് ലോകായുക്തയെ അറിയിക്കണം. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ നിയമന അധികാരി ഗവര്‍ണറാണ്. മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും കാര്യത്തില്‍ മുഖ്യമന്ത്രിയും.

ആരോപണം ശരിയാണെന്നു ലോകായുക്ത പ്രഖ്യാപിച്ചാല്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതരായിരുന്നു. ഈ അവസ്ഥ മാറ്റാനാണ് ഭേദഗതി കൊണ്ടുവന്നത്. ലോകായുക്തയുടെ റിപ്പോര്‍ട്ട് ഉത്തരവാദപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കേണ്ട ഗവര്‍ണറെ മാറ്റി നിയമസഭയെ അപ്പലറ്റ് അതോറിറ്റിയാക്കി. മന്ത്രിമാര്‍ക്കെതിരെയുള്ള വിധികളില്‍ മുഖ്യമന്ത്രിയും എംഎല്‍എമാര്‍ക്കെതിരെയുള്ള വിധികളില്‍ സ്പീക്കറുമായിരിക്കും അപ്പലറ്റ് അതോറിറ്റി. എന്നാല്‍, ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ നിയമമായില്ല. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com