കെകെ രമയ്ക്ക് എതിരായ സൈബര്‍ ആക്രമണം;  പ്രതിഷേധവുമായി ജനകീയ വേദി

By സമകാലികമലയാളം ഡെസ്ക്  |   Published: 20th March 2023 09:53 PM  |  

Last Updated: 20th March 2023 09:53 PM  |   A+A-   |  

kk_rema

നിയമസഭയിലെ സംഘര്‍ഷത്തെ തുടര്‍ന്ന പരിക്കേറ്റ് കൈക്ക് പ്ലാസ്റ്ററിട്ട് കെകെ രമ

 

കോഴിക്കോട്: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധനത്തിനിടെ പരിക്കേറ്റ കെകെ രമ എംഎല്‍എയ്ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് എതിരെ പ്രതിഷേധവുമായി കലാ-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍. 'കെകെ രമക്കെതിരായ ആക്രമത്തെ ചെറുക്കുക നുണപ്രചരണത്തെ തിരിച്ചറിയുക' എന്ന മുദ്രാവാക്യമുയര്‍ത്തി ചൊവ്വാഴ്ച വൈകുന്നേരം നാലിന് മിഠായി തെരുവിലാണ് പരിപാടി.

ജനകീയ വേദിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിയോജിപ്പുകളെ ഇല്ലായ്മ ചെയ്യുന്ന ഫാസിസ്റ്റ് രീതിയാണ് രമക്കെതിരായ ആക്രമണങ്ങളില്‍ ഉള്ളടങ്ങിയിട്ടുള്ളത്. വിയോജിക്കാനുളള സ്വാതന്ത്ര്യമാണ് ജനാധിപത്യമെന്ന് ജനകീയ വേദി പ്രസ്താവനയില്‍ പറഞ്ഞു.

യുകെ. കുമാരന്‍, കല്പറ്റ നാരായണന്‍, കെ അജിത, എന്‍പി ചെക്കൂട്ടി, ഡോ. ആസാദ്, കെഎസ് ഹരിഹരന്‍, കുഞ്ഞില മാസിലാമണി, വിപി സുഹറ, ആര്‍ടിസ്റ്റ് ചന്‍സ്, ഡോ. ഹരിപ്രിയ, നിജേഷ് അരവിന്ദ്, ഫാത്തിമ തെഹ്‌ലിയ, മരിയ അബു, എന്‍വി ബാലകൃഷ്ണന്‍, വേണുഗോപാല്‍ കുനിയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പൊട്ടലില്ലാത്ത കൈയ്ക്കാണ് കെകെ രമ പ്ലാസ്റ്റര്‍ ഇട്ടതെന്ന് ആരോപിച്ച് സിപിഎം നേതാക്കള്‍ രംഗത്തുവന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ കെ കെ രമയ്ക്ക് എതിരെ ആക്രമണവും ശക്തമായി. തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് സച്ചിന്‍ദേവ് എംഎല്‍എയ്ക്ക് എതിരെ കെകെ രമ നിയമസഭ സ്പീക്കര്‍ക്കും സൈബര്‍ പൊലീസിനും പപരാതി നല്‍കിയിരുന്നു. 


ഈ വാര്‍ത്ത കൂടി വായിക്കൂ 'നിയമസഭ കാണണമെന്നുണ്ട്' ആഗ്രഹം അറിയിച്ച് ഷീല; സഭാനടപടികള്‍ കണ്ട് മടങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ