രാഹുല്‍ ഗാന്ധിയുടെ ധാര്‍ഷ്ട്യത്തിന് കോടതി പൂട്ടിട്ടു; മോദിയോടുള്ള വെറുപ്പ് രാജ്യത്തോട് തീര്‍ക്കുന്നു: കെ സുരേന്ദ്രന്‍

മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
കെ സുരേന്ദ്രന്‍ , ഫയൽ ചിത്രം
കെ സുരേന്ദ്രന്‍ , ഫയൽ ചിത്രം

തിരുവനന്തപുരം: മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മോദി സമുദായത്തെ അപമാനിച്ചതിന് വയനാട് എംപി രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതി വിധിച്ച രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടിയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്തെ കുറിച്ചും പ്രധാനമന്ത്രിയെ കുറിച്ചും ദേശീയ നേതാക്കളെ കുറിച്ചുമെല്ലാം എന്തും വിളിച്ചു പറയാമെന്ന രാഹുലിന്റെ ധാര്‍ഷ്ട്യത്തിന് കോടതി പൂട്ടിട്ടിരിക്കുകയാണ്.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ച് പ്രചരണം നടത്തിയ രാഹുലിനെയും കോണ്‍ഗ്രസിനെയും ഇന്ത്യന്‍ ജനത തൂത്തെറിഞ്ഞിരുന്നു. ഒരു വ്യക്തിയോടുള്ള വിരോധം കാരണം ഒരു സമുദായത്തെ ആകെ അപമാനിക്കുകയാണ് രാഹുല്‍ ചെയ്തത്. അത് ന്യായീകരിക്കുന്ന കോണ്‍ഗ്രസ് എന്ത് തരം മതേതരത്വമാണ് പറയുന്നതെന്ന് മനസിലാവുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 
ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ്സാണെന്ന നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതിന് കോടതി കയറി ഇറങ്ങുന്ന വ്യക്തിയാണ് അദ്ദേഹം. വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിച്ചതിന് പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധമാണ് രാഹുല്‍ നേരിടുന്നത്. മോദിയോടുള്ള വെറുപ്പ് രാജ്യത്തോട് തീര്‍ക്കുകയാണ് രാഹുലും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചെയ്യുന്നത്. ജോഡോ യാത്രയ്ക്കിടെ രാജ്യത്ത് നിരവധി സ്ത്രീകള്‍ അതിക്രമത്തിന് ഇരയാവുന്നുവെന്നും അവര്‍ ഇത് തന്നോട് തുറന്നു പറഞ്ഞുവെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു. ഇത്തരം ഒരു സംഭവം അറിഞ്ഞാല്‍ പൊലീസില്‍ അറിയിക്കേണ്ട ബാധ്യത ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് ഉണ്ടായിരുന്നെങ്കിലും അദ്ദേഹമത് ചെയ്തില്ല. അതിന്റെ പേരില്‍ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യാന്‍ വന്നപ്പോള്‍ ഇരവാദം ഉയര്‍ത്തുകയാണ് രാഹുല്‍ ചെയ്തത്. ജനപ്രതിനിധി എന്ന നിലയിലും പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ കുറച്ചുകൂടി പക്വത രാഹുല്‍ ഗാന്ധി കാണിക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com