വിങ്ങിപ്പൊട്ടി മമ്മൂട്ടി; കരച്ചില്‍ അടക്കാനാകാതെ ജയറാമും ദിലീപും; കൊച്ചിയില്‍ ആയിരങ്ങളുടെ യാത്രമൊഴി

കൊച്ചിയില്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡയിത്തില്‍ പ്രിയനടനെ അവസാനമായി കാണാന്‍ എത്തിയത് ആയിരങ്ങളായിരുന്നു.
ഇന്നസെന്റിന്റെ മരണവാര്‍ത്തയറിഞ്ഞ് ആശുപത്രിയിലെത്തിയ മമ്മൂട്ടി
ഇന്നസെന്റിന്റെ മരണവാര്‍ത്തയറിഞ്ഞ് ആശുപത്രിയിലെത്തിയ മമ്മൂട്ടി


കൊച്ചി:  അന്തരിച്ച മുതിര്‍ന്ന നടന്‍ ഇന്നസെന്റിന് ആദരാഞ്ജലികളര്‍പ്പിച്ച് മലയാള ചലച്ചിത്രലോകം. സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും പ്രിയനടന്റെ വിയോഗം താങ്ങാനായില്ല. വികാരഭരിതരായാണ് പലരും മാധ്യമങ്ങളോട് പ്രതികരിച്ചത്. മമ്മൂട്ടി ഉള്‍പ്പെടെയുള്ള നടന്മാര്‍ കഴിഞ്ഞദിവസം ഇന്നസെന്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയിലെത്തിയിരുന്നു. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ജയറാം ആശുപത്രിയിലെത്തിയതും മടങ്ങിയതും. ദിലീപ് നിറകണ്ണുകളോടെ ആശുപത്രിയിലുണ്ടായിരുന്നു.

കൊച്ചിയില്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡയിത്തില്‍ പ്രിയനടനെ അവസാനമായി കാണാന്‍ എത്തിയത് ആയിരങ്ങളായിരുന്നു. പതിനൊന്നു മണിക്ക് കൊച്ചിയില്‍ നിന്ന് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകുമെന്ന് അറിയിച്ചെങ്കിലും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ തിരക്കുകാരണം ഉച്ചവരെ കൊച്ചിയില്‍ പൊതുദര്‍ശനം തുടരും. രാവിലെ മുതല്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ വന്‍ ജനാവലിയായിരുന്നു ഇന്നസെന്റിന് അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയത്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചന്‍, സിബി മലയില്‍, ഫാസില്‍, ഇടവേള ബാബു, ബാബു രാജ്, സിദ്ധിഖ്, മോഹന്‍ജോസ്, മധുപാല്‍, പൊന്നമ്മ ബാബു തുടങ്ങി സിനിമാ രംഗത്തെ ഒട്ടേറെ പ്രമുഖരും രാഷ്ട്രീയ, സാംസ്‌കാരിക സാമൂഹിക നേതാക്കളും ആദരാഞ്ജലി അര്‍പ്പിചിച്ചു

അച്ഛനെപ്പോലെ, സഹോദരനെ പോലെ, ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തില്‍ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യന്‍ വിട പറഞ്ഞിരിക്കുന്നു എന്ന് ദിലീപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു. പിന്നീട് സിനിമയിലെത്തിയപ്പോഴും പിന്‍ബലമായത് അദ്ദേഹത്തിന്റെ കരുതല്‍ ആയിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളില്‍ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകള്‍ കരുത്തായിരുന്നുവെന്നും ദിലീപ് കുറിച്ചു.

ഇന്നസെന്റിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതുതന്നെ മഹാഭാഗ്യമാണെന്ന് നടന്‍ ഹരിശ്രീ അശോകന്റെ പ്രതികരണം. ഗോഡ്ഫാദറില്‍ ചെറിയ വേഷത്തിലഭിനയിക്കുമ്പോള്‍ അദ്ദേഹമാണ് അഭിനന്ദിച്ചത്. അതൊക്കെ ഇപ്പോഴും മനസിലുണ്ട്. സ്വന്തം ശൈലി ജനങ്ങളേറ്റെടുക്കുക എന്നത് വലിയ കാര്യമാണ്. അത് ഏറ്റെടുപ്പിച്ചയാളാണ് ഇന്നസെന്റെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെയൊരാള്‍ കണ്‍മുന്നില്‍ നിന്ന് പോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു നടന്‍ ജയസൂര്യയുടെ പ്രതികരണം. ഒരുമിച്ച് അഭിനയിച്ചു എന്നതിലുപരി എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാളാണ്. എന്തെങ്കിലും പുതിയ തമാശകള്‍ കിട്ടിയാല്‍ അദ്ദേഹം വിളിക്കും പങ്കുവെയ്ക്കും. എല്ലാരോടും വലിപ്പച്ചെറുപ്പമില്ലാതെ ഇടപെട്ടയാളായിരുന്നു ഇന്നസെന്റെന്ന് ജയസൂര്യ പറഞ്ഞു.

ദീര്‍ഘകാലമായുള്ള സൗഹൃദമാണ് തങ്ങളുടേതെന്ന് സംവിധായകന്‍ മോഹന്‍ ഓര്‍മിച്ചു. തന്റെ സിനിമാജീവിതത്തിലേക്ക് ഒരാള്‍ മാത്രമേ തള്ളിക്കയറി വന്നിട്ടുള്ളൂ. അതാണ് ഇന്നസെന്റ്. ഈ മരണം പ്രതീക്ഷിച്ചിരുന്നു എന്നത് സത്യമാണ്. അഭിനയിക്കാനായി പല വാതിലുകളും മുട്ടി തിരിച്ചുവരുമ്പോഴും അതൊന്നും കരഞ്ഞിട്ടായിരുന്നില്ല, ചിരിച്ചുകൊണ്ടായിരുന്നു. മോഹന്‍ പറഞ്ഞു. ജീവിതത്തിലും നര്‍മം കാത്തുസൂക്ഷിച്ചയാളായിരുന്നു ഇന്നസെന്റെന്ന് സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com