ഇത്രയും സ്ത്രീവിരുദ്ധ പ്രസ്താവന സമീപകാലത്ത് കേട്ടിട്ടില്ല; കെ സുരേന്ദ്രന്‍ മാപ്പ് പറയണം, സിപിഎം ശബ്ദിക്കാന്‍ ഭയക്കുന്നതെന്ത്?: കെ സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2023 08:25 PM  |  

Last Updated: 27th March 2023 08:25 PM  |   A+A-   |  

sudhakaran

കെ സുധാകരന്‍/ ഫയല്‍

 

തിരുവനന്തപുരം: 'സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി' എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് എതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തില്‍ സമീപകാലത്ത് കേട്ടിട്ടില്ലെന്നും സുരേന്ദ്രന്‍ മാപ്പ് പറയണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. 

ഞായറാഴ്ച തൃശൂരിലായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പരാമര്‍ശം. ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുരേന്ദ്രന്‍. 'സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്'-സുരേന്ദ്രന്‍ പറഞ്ഞു.

കെ സുരേന്ദ്രന്റെ പ്രസ്താവന അപലപനീയമാണെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു. ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തില്‍  സമീപകാലത്ത് കേട്ടിട്ടില്ല. നരേന്ദ്രമോദിയുടെ  അടിമയെ പോലെ കേരളം ഭരിക്കുന്ന പിണറായി വിജയനും സിപിഎമ്മിനും ഈ പരാമര്‍ശത്തിനെ എതിര്‍ക്കാന്‍ ഭയമായിരിക്കാം. സ്വന്തം പാര്‍ട്ടിയിലെ വനിതകളെ അപമാനിച്ചിട്ടും സിപിഎം പുലര്‍ത്തുന്ന മൗനം ഞെട്ടിക്കുന്നതാണ്.

ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായിട്ടാണോ കെ സുരേന്ദ്രനെതിരെ ശബ്ദിക്കാന്‍ പിണറായി വിജയനും എം വി ഗോവിന്ദനും ഒക്കെ ഭയപ്പെടുന്നത്?  എന്തെങ്കിലും നാക്കുപിഴകള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും വീഴുമ്പോള്‍ വലിയ പ്രതികരണങ്ങള്‍ നടത്തുന്ന സിപിഎം നേതാക്കളുടെയും സഹയാത്രികരുടെയും നാവിറങ്ങി പോയിരിക്കുന്നു.

രാഷ്ട്രീയമായി എതിര്‍ചേരിയില്‍ ആണെങ്കിലും ഈ വിഷയത്തില്‍ സിപിഎമ്മിനെ പോലെ ബിജെപിയെ ഭയന്ന് മിണ്ടാതിരിക്കാന്‍ കോണ്‍ഗ്രസ്സിനാവില്ല. സിപിഎമ്മിലെ സ്ത്രീകളെ അപമാനിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണം. കെ സുരേന്ദ്രനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ധൈര്യവും കാണിക്കണം.


ഈ വാര്‍ത്ത കൂടി വായിക്കൂ കടം വാങ്ങിയ സ്‌കൂള്‍ ഫീസ് തിരികെ കൊടുത്തില്ല;  കൊലപാതകത്തില്‍ കലാശിച്ചത് സാമ്പത്തിക തര്‍ക്കം; ബിജേഷ് ആറ് ദിവസം പൊലീസ് കസ്റ്റഡിയില്‍

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ