ഇന്നസെന്റ് ഇനി ദീപ്തമായ ഓര്‍മ്മ; വിട ചൊല്ലി ജന്മനാട്; അന്ത്യവിശ്രമം മാതാപിതാക്കളുടെ കല്ലറയ്ക്ക് സമീപം

സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് ഇന്നസെന്റിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചത്
പൊലീസ് അന്തിമോപചാരം അര്‍പ്പിക്കുന്നു
പൊലീസ് അന്തിമോപചാരം അര്‍പ്പിക്കുന്നു

തൃശൂര്‍: നടന്‍ ഇന്നസെന്റിന് ജന്മനാട് യാത്രാമൊഴിയേകി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് ഇന്നസെന്റിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചത്. മാതാപിതാക്കളെ അടക്കിയ കല്ലറയ്ക്ക് സമീപമാണ് ഇന്നസെന്റിനെയും അടക്കിയത്. 

മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാജന്‍, വിഎന്‍ വാസവന്‍ നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു, ടൊവിനോ തോമസ്, ദിലീപ്, ദേവൻ, സംവിധായകന്‍ സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചു. രാവിലെ ഒമ്പതരയോടെ വീട്ടില്‍ അന്ത്യപ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

തുടര്‍ന്ന് പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഇതിനുശേഷം വിലാപയാത്രയായാണ് ഇന്നസെന്റിന്റെ മൃതദേഹം സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലേക്ക് കൊണ്ടുപോയത്. ഭാര്യ ആലീസ്, മകന്‍ സോണറ്റ്, മകന്റെ ഭാര്യ രശ്മി തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചു. സിനിമാ പ്രവര്‍ത്തകരും നാട്ടുകാരും രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരും അടക്കം വന്‍ ജനാവലിയാണ് വിലാപയാത്രയില്‍ പങ്കുചേര്‍ന്നത്. 

പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.  പള്ളിയിലെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് ശേഷം ഭാര്യ ആലീസ്, മകന്‍ സോണറ്റ്, ചെറുമകന്‍ ഇന്നസെന്റ് ജൂനിയര്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ അന്ത്യചുംബനം നല്‍കി തങ്ങളുടെ ഗൃഹനാഥന് യാത്രാമൊഴിയേകി. തുടര്‍ന്ന് കത്തീഡ്രല്‍ പള്ളിയിലെ കിഴക്കേ സെമിത്തേരിയില്‍ പിതാവ് കൊച്ചു വറീതിന്റെയും മാതാവ് മാര്‍ഗലീത്തയുടേയും കല്ലറയ്ക്ക് സമീപം ഒരുക്കിയ കല്ലറയില്‍ ഇന്നസെന്റിന്റെ മൃതദേഹം അടക്കി.  

ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് ഇന്നസെന്റിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. വീട്ടിലും നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. നടന്മാരായ മോഹന്‍ലാലും സുരേഷ് ഗോപിയും വീട്ടില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു. ഇന്നലെ രാവിലെ കൊച്ചി കടവന്ത്രയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നടന്മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.
 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com