"രണ്ട് പേർ വാത്സല്യത്തോടെ അടുത്ത് വിളിച്ചിരുത്തി, ദേഹത്ത് സ്പർശിച്ചു"; ആറാം വയസ്സിൽ ഉണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് ദിവ്യ എസ് അയ്യർ 

അന്നത്തെ സംഭവത്തിലെ രണ്ട് പേരുടെയും മുഖം തനിക്ക് ഇപ്പോൾ ഓർമ്മയില്ലെന്നും കലക്ടർ പറഞ്ഞു
ദിവ്യ എസ് അയ്യർ/ഫോട്ടോ: ഫെയ്സ്ബുക്ക്
ദിവ്യ എസ് അയ്യർ/ഫോട്ടോ: ഫെയ്സ്ബുക്ക്

പത്തനംതിട്ട: ആറാം വയസ്സിൽ ഉണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ് അയ്യർ. രണ്ട് വ്യക്തികൾ വാത്സല്യപൂർവം അടുത്ത് വിളിച്ചിരുത്തി ദേഹത്ത് സ്പർശിക്കുകയും വസ്ത്രങ്ങൾ അഴിക്കാൻ ശ്രമിക്കുകയും ചെയ്തു. അരുതാത്തതെന്തോ ആണ് സംഭവിക്കുന്നതെന്ന് മനസ്സിലായതോടെ താൻ കുതറിയോടി രക്ഷപ്പെട്ടെന്ന് കലക്ടർ പറഞ്ഞു.

അന്നത്തെ സംഭവത്തിലെ രണ്ട് പേരുടെയും മുഖം തനിക്ക് ഇപ്പോൾ ഓർമ്മയില്ലെന്നും കലക്ടർ പറഞ്ഞു. അന്ന് തനിക്കങ്ങനെ ചെയ്യാൻ തോന്നിയെങ്കിലും എല്ലാ ബാല്യങ്ങൾക്കും അതിന് കഴിയുന്നില്ലെന്നും ​ദിവ്യ കൂട്ടിച്ചേർത്തു. നിഷ്‌കളങ്ക ബാല്യങ്ങൾക്ക് ഏൽക്കേണ്ടി വരുന്ന ഇത്തരത്തിലുളള ആഘാതങ്ങൾ അവരെ ജീവിതകാലം മുഴുവൻ വേട്ടയാടും. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണെന്ന് നമ്മുടെ കുട്ടികളെ നാം ബോധവാന്മാരാക്കണം. പുരുഷന്റെ ലൈംഗികത ശരിയും സ്ത്രീകളുടേത് തെറ്റുമാണ് എന്ന പൊതുബോധമാണ് സമൂഹത്തിനുള്ളത്. അത്തരം ചിന്തകൾ മാറണം, ദിവ്യ എസ് അയ്യർ പറഞ്ഞു. 

പ്രതിസന്ധികൾ തരണംചെയ്യാൻ കുഞ്ഞുങ്ങൾക്ക് മാതാപിതാക്കളുടെ പിന്തുണയാണ് ആവശ്യമെന്നും തനിക്കത് കിട്ടിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. പെൺകുട്ടികൾക്ക് അവരുടെ ശരീരത്തെയും ലൈംഗികതയെപ്പറ്റിയും സംസാരിക്കാനുള്ള പൊതുസ്ഥലം ഇന്നും ഇല്ല. ലൈംഗിക അതിക്രമത്തിനിരയാകുന്ന കുട്ടികളെ സംബന്ധിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് മാധ്യമ പ്രവർത്തകർക്ക് അവബോധം നൽകുന്നതിനായി നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടർ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com