ഭീഷണിക്ക് വിധേയമാകുന്നവരാണെങ്കില്‍ അവര്‍ എന്ത് ജഡ്ജി?; പ്രതിപക്ഷത്തിനെതിരെ എം വി ഗോവിന്ദന്‍

ഭീഷണിക്ക് വിധേയമായാണ് ലോകായുക്ത വിധി എന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍
എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട്
എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം: ഭീഷണിക്ക് വിധേയമാകുന്നവരാണെങ്കില്‍ അവരെ ജഡ്ജിമാര്‍ എന്ന് പറയുന്നതില്‍ കാര്യമുണ്ടോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭീഷണിക്ക് വിധേയമായാണ് ലോകായുക്ത വിധി എന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.

'ഭീഷണിക്ക് വിധേയമാകുന്നവരാണെങ്കില്‍ അവരെ ജഡ്ജിമാര്‍ എന്ന് പറയുന്നതില്‍ കാര്യമുണ്ടോ?, ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍, ഭീഷണിക്ക് വിധേയമാകുന്നവരാണെങ്കില്‍ അവര്‍ എന്ത് ജഡ്ജിയാണ്?   കോണ്‍ഗ്രസ് പറയുന്നത് അവര്‍ക്ക് അനുകൂലമാകുന്നതും അനുകൂലമാകാത്തതുമായ ഡീല്‍ സംബന്ധിച്ചാണ്. ഞങ്ങള്‍ക്ക് ഇതുസംബന്ധിച്ച് ഒന്നുമില്ല. കൃത്യമായ നിലപാട് സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നത്. അനാവശ്യമായ ചര്‍ച്ചകള്‍ ആവശ്യമില്ല' - എം വി ഗോവിന്ദന്റെ വാക്കുകള്‍.

കേന്ദ്ര ഏജന്‍സികള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയും നേതാക്കള്‍ക്കെതിരേയും എടുക്കുന്ന സമീപനങ്ങളെ വാനോളം പുകഴ്ത്താനാണ് കോണ്‍ഗ്രസ് തയ്യാറായിട്ടുള്ളതെന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.പ്രതിപക്ഷ രാഷ്ട്രീയത്തിനെതിരായ അസഹിഷ്ണുതയാണ് ബിജെപി സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള ഭരണഘടനാ സ്ഥാപനങ്ങളും എപ്പോഴും എടുത്തുകൊണ്ടിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ കോണ്‍ഗ്രസിനെതിരായി നടത്തുന്ന കടന്നാക്രമണത്തെ മാത്രമെ ചെറുക്കേണ്ടതുള്ളു എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.  കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ ഒന്നാമത്തെ ശത്രുവായി കണ്ടാണ് കോണ്‍ഗ്രസ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യാന്‍ തയ്യാറായപ്പോഴും കോണ്‍ഗ്രസ് അതിനെ എതിര്‍ത്തില്ല. ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ അറസ്റ്റില്‍ കോണ്‍ഗ്രസിന് പ്രശ്നമില്ല. ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല എന്നാണ് ഇതെല്ലാം കാണിക്കുന്നത്.

ജനാധിപത്യവിരുദ്ധമായ രീതിയിലാണ് കേരള നിയമസഭയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. എന്നാല്‍ അതിനനൂകൂലമായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. കമ്യൂണിസ്റ്റ് വിരുദ്ധത പ്രകടിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു . 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com