കെ സുധാകരനും ഇതുതന്നെ പറഞ്ഞു; ചെന്നിത്തലയ്ക്ക് നന്ദി അറിയിച്ച് റഹിം

മറ്റ് യുവജന സംഘടനകളും ഇത്തരം സാമൂഹ്യമായ കടമകള്‍ നിര്‍വഹിച്ചാല്‍ സമൂഹത്തില്‍ അത് വലിയ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കും
എഎ റഹിം / ഫെയ്‌സ്ബുക്ക്
എഎ റഹിം / ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയെ പുകഴ്ത്തിയ രമേശ് ചെന്നിത്തലയ്ക്ക് നന്ദി പറഞ്ഞ് എഎ റഹിം എംപി. രമേശ് ചെന്നിത്തലയുടെ ഡിവൈഎഫ്‌ഐയെ കുറിച്ചുള്ള നല്ല വാക്കുകള്‍ക്ക് നന്ദി. നേരത്തെ കെ സുധാകരനും സമാന സ്വഭാവമുള്ള തുറന്നു പറച്ചില്‍ നടത്തിയിട്ടുണ്ട്. നിസ്വാര്‍ത്ഥമായി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ്സിനും സാധിക്കട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് റഹിം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

ഓരോ യുവജന സംഘടനയ്ക്കും അവരുടേതായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുണ്ട്. മറ്റ് യുവജന സംഘടനകളും ഇത്തരം സാമൂഹ്യമായ കടമകള്‍ ഡിവൈഎഫ്ഐയെപ്പോലെ തന്നെ നിര്‍വഹിച്ചാല്‍ സമൂഹത്തില്‍ അത് വലിയ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കും. ഉയര്‍ന്ന പുരോഗമന രാഷ്ട്രീയ മൂല്യങ്ങള്‍ പിന്തുടരാതെ അത് സാധ്യവുമാവില്ല എന്നും റഹിം കുറിപ്പില്‍ സൂചിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സമ്മേളനത്തിലായിരുന്നു രമേശ് ചെന്നിത്തല ഡിവൈഎഫ്‌ഐയെ പ്രശംസിച്ച് സംസാരിച്ചത്. കോവിഡ് കാലത്ത് നാട്ടില്‍ സജീവമായത് ഡിവൈഎഫ് ഐ പ്രവര്‍ത്തകരാണ്. മെഡിക്കല്‍ കോളജുകളില്‍ അടക്കം ഉച്ചയൂണിന് അവര്‍ നടത്തിയ പൊതിച്ചോര്‍ വിതരണം മാതൃകയാക്കണം. കോവിഡ് സമയത്തെ യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയറില്‍ കെയര്‍ ഉണ്ടായിരുന്നില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു.

റഹിമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 

ഓരോ യുവജന സംഘടനയ്ക്കും അവരുടേതായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുണ്ട്.യുവത്വത്തെ ആവേശഭരിതമാക്കാനും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുമുള്ള മഹത്തായ പോരാട്ടത്തിൽ അവരെ അണിനിരത്താനും ഇന്ന് ചരിത്രപരമായ ബാധ്യതയുണ്ട്.
ചെറുപ്പത്തെ പരമാവധി രാഷ്ട്രീയ പ്രബുദ്ധമാക്കാനും അവരിലെ സാമൂഹ്യപ്രതിബദ്ധത വളർത്താനും ഓരോ യുവജന സംഘടനയും നിരന്തരം ശ്രമിക്കേണ്ടതുണ്ട്.
ഡിവൈഎഫ്ഐയുടെ പ്രധാന പരിഗണന മേല്പറഞ്ഞ 
കാര്യങ്ങളിലാണ്.സ്നേഹവും കരുതലും സാന്ത്വനവുമായി,സാമൂഹ്യ പ്രതിബദ്ധതയുടെ,
നന്മയുടെ അടയാളമായി ഡിവൈഎഫ്ഐ,
നിസ്വാർത്ഥവും ത്യാഗനിർഭരവുമായ അതിന്റെ 
യാത്ര തുടരുന്നു.
മറ്റ് യുവജന സംഘടനകളും ഇത്തരം 
സാമൂഹ്യമായ കടമകൾ ഡിവൈഎഫ്‌ഐയെപ്പോലെതന്നെ നിർവഹിച്ചാൽ സമൂഹത്തിൽ അത് വലിയ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കും.ഉയർന്ന പുരോഗമന രാഷ്ട്രീയ മൂല്യങ്ങൾ പിന്തുടരാതെ അത് സാധ്യവുമാവില്ല.
ശ്രീ രമേശ് ചെന്നിത്തലയുടെ ഡിവൈഎഫ്ഐ 
യെ കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദി.നേരത്തെ ശ്രീ കെ സുധാകരനും സമാന സ്വഭാവമുള്ള തുറന്നു പറച്ചിൽ നടത്തിയിട്ടുണ്ട്.
നിസ്വാർത്ഥമായി നല്ല കാര്യങ്ങൾ ചെയ്യാൻ യൂത്ത് കോൺഗ്രസ്സിനും സാധിക്കട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com